കുമ്പളയിൽ ട്രെയിനിൽ നിന്ന് വീണ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

 കാസർകോട്: ട്രെയിനിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൂത്തുപറമ്പ് സ്വദേശി റാഫിയുടെ മകൻ അബ്ദുൽ റനീം (19) ആണ് മരിച്ചത്. മംഗളുരു പി എ കോളേജിലെ എൻജിനീയറിങ് വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച രാത്രി ഏഴര മണിയോടെ കാസർകോടിനും കുമ്പളയ്ക്കും ഇടയിൽ കല്ലങ്കൈയിൽ റെയിൽ പാളത്തിന് സമീപത്തുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മംഗളൂരു ചെന്നൈ മെയിൽ ട്രെയിനിൽ നിന്ന് വിദ്യാർഥി തെറിച്ചു വീണത്. കുമ്പള റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെ വിവരത്തെത്തുടർന്നാണ് സംഭവം മറ്റുള്ളവർ അറിയുന്നത്. ഇതേ തുടർന്ന് കാസർകോട് റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. കാസർകോട് റെയിൽവേ പൊലീസും ആർ പി എഫും, കുമ്പള പൊലീസും നാട്ടുകാരും വിദ്യാർത്ഥികളും സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. സമൂഹമാധ്യമങ്ങളിൽ സംഭവം വ്യാപകമായി പ്രചരിച്ചതോടെ എല്ലായിടത്തും നടത്തിയ തിരച്ചിലിൽ സന്ധ്യയ്ക്ക് 7.30 മണിയോടെ ചൗക്കി കല്ലങ്കൈയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിവരം അറിഞ്ഞു വിദ്യാർഥിയുടെ വീട്ടുകാർ കാസർകോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. നേരത്തെ ഇതേ ട്രെയിനിൽ നിന്ന് വീണ് ഒഡീഷ സ്വദേശിയായ യുവാവും മരിച്ചിരുന്നു. മംഗളൂരുവിൽ പെട്രോൾ പമ്പിൽ ജോലിക്കാരനുമായ സുശാന്ത് (41) ആണ് മരിച്ചത്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയ സുശാന്ത്, ട്രെയിൻ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽ പെട്ട് പാലത്തിലേക്ക് വീഴുകയായിരുന്നു. യുവാവിൻ്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today