വീടിന്റെ അടുക്കള വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ 15 പവന്റെ സ്വർണം കവർന്നു

 കാസര്‍കോട്: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഷേഡിക്കാനയിലെ പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 15 പവന്‍ സ്വര്‍ണം കവര്‍ന്നു. സമീപത്തെ രണ്ടു പ്രവാസികളുടെ വീടുകളിലും കവര്‍ച്ച നടന്നതായി സൂചനയുണ്ട്. ബദിയടുക്ക പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഷേഡിക്കാന സ്വദേശി മുഹമ്മദ് ഷാഫിയുടെ വീട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചേ കവര്‍ച്ച നടന്നത്. മുഹമ്മദ് ഷാഫിയും കുടുംബവും ചൊവ്വാഴ്ച വീട് പൂട്ടി ബന്ധുവീട്ടില്‍ പോയിരുന്നു. ബുധനാഴ്ച രാവിലെ തിരിച്ചു വന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അലമാരയിലെ വസ്ത്രങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 പവനിലധികം വരുന്ന സ്വര്‍ണാഭരങ്ങള്‍ നഷ്ടമായിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് ബദിയടുക്ക പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ അടച്ചിട്ട രണ്ടുവീടുകളിലും മോഷണം നടന്നതായി സൂചനയുണ്ട്. പ്രവാസികളായ മുഹമ്മദ് കലന്തര്‍, അബ്ദുല്‍ ഖാദര്‍ എന്നിവരുടെ വീടുകളിലാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഇവിടെ നിന്നും മോഷണം നടന്നിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. പൊലീസ് വീട്ടുടമസ്ഥരുടെ ബന്ധുക്കളെ വിളിച്ചുവരുത്തി പരിശോധന നടത്തുകയാണ്. വിശദമായ പരിശോധനയില്‍ മാത്രമേ കവര്‍ച്ച നടന്നിട്ടുണ്ടോയെന്ന് വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.,


Previous Post Next Post
Kasaragod Today
Kasaragod Today