പെണ്‍കുട്ടികളെ അപമാനിച്ച ശേഷം നഗര മധ്യത്തിലെ കെട്ടിടത്തിൻ്റെ മുകളില്‍ കയറി ഒളിക്കാൻ ശ്രമിച്ച യുവാവിനു കാൽ വഴുതി വീണു നടുവൊടിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് 4.30 മണിയോടെയാണ് കാഞ്ഞങ്ങാട് ടൗണിനെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നത് കണ്ട് അവിടെയുണ്ടായിരുന്നവർ ഇയാളെ ചോദ്യം ചെയ്തു. അതോടെ ഇയാള്‍ മത്സ്യ മാർക്കറ്റിന് സമീപത്തെ ബഹുനില കെട്ടിടത്തിനു മുകളിലേക്ക് ഓടിക്കയറി. ബില്‍ഡിംഗിന്റെ മൂന്നാമത്തെ നിലയില്‍ കയറിയ യുവാവ് കാൽ വഴുതി വീഴുകയായിരുന്നുവെന്ന് പറയുന്നു. വിവരമറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തു കുതിച്ചെത്തി. ഫയര്‍ ഫോഴ്‌സ് കെട്ടിടത്തിന്റെ മുന്നാമത്തെ നിലയിലെത്തി വീണ് നടുവൊടിഞ്ഞ യുവാവിനെ താഴെയിറക്കി ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞതോടെ വന്‍ ജനക്കൂട്ടം അവിടെ തടിച്ച് കൂടി. പെരിയ ചെര്‍ക്കപ്പാറ സ്വദേശി മുഹമ്മദ് റയിസാണ് നാടകീയ രംഗങ്ങളിലെ വില്ലൻ. മാസങ്ങൾക്ക് മുമ്പ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ പൂച്ചെടികള്‍ തല്ലി പ്പൊളിച്ച കേസിലെ പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. മത്സ്യ മാർക്കറ്റിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടം ലഹരി മാഫിയയുടെ താവളമാണെന്ന് നാട്ടുകാർ പറയുന്നു.
കാഞ്ഞങ്ങാട് നഗരത്തിൽ പെൺകുട്ടികളെ ശല്യം ചെയ്യാനൊരുങ്ങിയ യുവാവിനെ തടഞ്ഞു, ഓടി കെട്ടിടത്തിന് മുകളിൽ കയറിയ യുവാവിന് വീണ് ഗുരുതര പരിക്ക്
mynews
0