കാസര്‍കോട്: സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സൂത്രധാരന്മാര്‍ പിടിയില്‍. കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ രതീഷ്, കണ്ണൂര്‍ താണ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ ജബ്ബാര്‍ എന്നിവര്‍ തമിഴ്നാട്, നാമക്കല്ലില്‍ വെച്ചാണ് പിടിയിലായത്. ബേക്കല്‍ ഡിവൈ.എസ്.പി ജയന്‍ ഡൊമനിക്കിന്റെ നിര്‍ദ്ദേശപ്രകാരം ആദൂര്‍ എസ്.ഐ അനുരൂപും സംഘവുമാണ് ഇരുവരെയും പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും വലയിലാക്കിയത്.
തട്ടിപ്പ് പുറത്ത് വന്നതിന് ശേഷം ഒളിവില്‍ പോയ ഇരുവരും ബംഗ്ളൂരു, ഷിമോഗ, ഹാസന്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നതിനിടെ പൊലീസ് പിന്തുടര്‍ന്നതോടെയാണ് ചെന്നൈയിലേക്ക് കടന്നത്. പിന്നീട് അവിടെ നിന്നും നാമക്കല്ലില്‍ എത്തുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ മുഖ്യപ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് വലിയ ആരോപണങ്ങള്‍ക്ക് ഇടയാക്കിയിരുന്നു
.