ക്രിക്കറ്റ് താരത്തെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 കാസര്‍കോട്: ജില്ലയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരത്തെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള, നായ്ക്കാപ്പിലെ വെങ്കിടേഷ്-ജയന്തി ദമ്പതികളുടെ മകന്‍ മഞ്ജുനാഥ് നായക് (25)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി 11.30 മണിയോടെ ഒരു ഫോണ്‍ എത്തിയിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. ഫോണില്‍ സംസാരിച്ചു കൊണ്ടു തന്നെ വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഫോണില്‍ വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെ വീടിന് സമീപത്തെ മരക്കൊമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മഞ്ജുനാഥിന്റെ ഫോണിലേക്ക് എത്തിയ ഫോണ്‍ കോള്‍ ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രസ്തുത കോളുമായി മരണത്തിന് എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. സഹോദരന്‍: അഭിഷേക്.


Previous Post Next Post
Kasaragod Today
Kasaragod Today