കാസർകോട് നഗരത്തിലെ കവർച്ച; മോഷ്ടാക്കളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി

 കാസർകോട് ∙ ടൗൺ പൊലീസ് സ്റ്റേഷനിൽനിന്നു 500 മീറ്ററോളം ചുറ്റളവിലുള്ള 2 വ്യാപാര സ്ഥാപനങ്ങളിൽ കവർച്ചയും രണ്ടിടങ്ങളിൽ കവർച്ചശ്രമവും. പണവും ഇലക്ട്രോണിക് സാധനവും കവർന്നു. കറന്തക്കാട് ജംക‍്ഷനിലെ സിറ്റി കൂൾ ഇലക്ട്രോണിക് കട, തായലങ്ങാടിയിലെ ചില്ലീസ് ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. കറന്തക്കാട് ഡ്രൈ ഫ്രൂട്സ് കട, ബേബി ഷോപ് എന്നിവിടങ്ങളിലാണ് കവർച്ചശ്രമം നടന്നത്.


സിറ്റി കൂൾ ഇലക്ട്രോണിക് കടയുടെ ഷട്ടർ ഉയർത്തി അകത്തുകടന്നു മേശ വലിപ്പിലുണ്ടായിരുന്ന 40,000 രൂപയും 10,000 രൂപ വിലവരുന്ന മിക്സിയും ചില്ലീസ് ഹൈപ്പർ മാർക്കറ്റിൽ നിന്നു 55,000 രൂപയും ചെറിയ സാധനങ്ങളുമാണ് കവർന്നത്.തുണികൊണ്ട് മുഖം മറച്ചെത്തിയ 3 പേരാണ് കവർച്ചയ്ക്കു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു മനസ്സിലായിട്ടുണ്ട്. സിറ്റികൂൾ ഇലക്ട്രോണിക്സ് ഉടമ കമ്പാറിലെ അബ്ദുൽ നിസാറിന്റെയും ഹൈപ്പർ മാർക്കറ്റയുടമ തെരുവത്ത് കെ.എം.മുഹമ്മദ് ഷംസീറിന്റെയും പരാതിയിൽ പൊലീസ് കേസെടുത്തു. 


പട്രോളിങ് നിലച്ചു

∙ മുൻകാലങ്ങളിൽ കാൽനടയായും വാഹനങ്ങളിലുമായി പൊലീസുകാർ രാത്രികാലങ്ങളിൽ പട്രോളിങ് നടത്താറുണ്ടായിരുന്നു. പൊലീസ് പട്രോളിങ് നടത്തുന്ന സമയങ്ങളിൽ കവർച്ചകൾ നന്നേ കുറ‍ഞ്ഞിരുന്നു. നഗരത്തിൽ രാത്രികാല പട്രോളിങ് വേണമെന്നു വ്യാപാരികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെയായി. എന്നാൽ പൊലീസുകാരുടെ കുറവാണ് രാത്രികാല പട്രോളിങിന് തടസ്സമാകുന്നത് എന്നാണ് പൊലീസ് ഓഫിസർമാർ പറയുന്നത്. 


കവർച്ച ഷട്ടർ ബലമായി വലിച്ചുയർത്തി

∙ റോഡിനു ചേർന്നുള്ളതും സെൻട്രൽ ലോക്ക് ഇല്ലാത്ത ഷട്ടറുള്ള കടയിലുമാണ് കവർച്ചകൾ നടന്നത്. സിറ്റികൂൾ ഇലക്ട്രോണിക് കടയിൽ ഇന്നലെ പുലർച്ചെ 4.5നാണ് മൂവർ സംഘം എത്തിയത്. ഇവർ ഒരുമിച്ച് ചേർന്നു ഒരാൾക്ക് ചെരിഞ്ഞു കടയുടെ അകത്ത് കയറാൻ പാകത്തിൽ ഷട്ടർ വലിച്ചുയർത്തുകയായിരുന്നു. മോഷണം നടത്തി 15 മിനിറ്റിനുള്ളിൽ ടൗൺ പൊലീസ് സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്നതും സിസിടിവിയിലുണ്ട്. ഇവരെ തിരിച്ചറിയാൻ സാധിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയിലുള്ളത്. 


ADVERTISEMENT

തായലങ്ങാടിയിലെ ചില്ലീസ് ഹൈപ്പർമാർക്കറ്റിന്റെ ഷട്ടറും ഇതേ മാതൃകയിലാണ് ഉയർത്തിയത്. പുലർച്ച രണ്ടോടെയായിരുന്നു കവർച്ച. 2.45നാണ് മൂവിമാക്സ് റോഡ് ജംക‍്ഷനിലുള്ള ബേബി ഷോപിൽ കവർച്ചാശ്രമം നടന്നത്. മൂന്നിനു ദേശീയപാതയോടെ ചേർന്നുള്ള കറന്തക്കാട്ടെ ഡ്രൈ ഫ്രൂട്ടസ് കടയിൽ കവർച്ചാശ്രമം നടന്നു. ഷട്ടർ ഉയർത്തി ഒരാൾ അകത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഗ്ലാസ് വാതിലുകളായതിനാൽ സാധനങ്ങൾ സൂക്ഷിച്ചിയിടങ്ങളിലേക്ക് കടക്കാനായില്ല.


Previous Post Next Post
Kasaragod Today
Kasaragod Today