കാസര്‍കോട്: ബദിയഡുക്ക, മാവിനക്കട്ടയില്‍ വെള്ളിയാഴ്ച രാത്രി 10 മണിക്കുണ്ടായ കാറപകടത്തില്‍ യുവാവ് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ മാവിനക്കട്ട പള്ളിക്കു സമീപത്തെ അബ്ദുല്ലയുടെ മകന്‍ കലന്തര്‍ സമ്മാസ് (21) ആണ് മരിച്ചത്. സഹോദരന്‍ മൊയ്തീന്‍ സര്‍വാസ് (19) സാരമായി പരിക്കേറ്റ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മാവിനക്കട്ടയിലെ ബന്ധുവീട്ടില്‍ പോയി വരികയായിരുന്നു ബദിയഡുക്കയിലെ ബേക്കറി ഷോപ്പിലെ ജീവമനക്കാരനായ കലന്തര്‍ സമ്മാസും സഹോദരനും. യാത്രക്കിടയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരുകിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു. പുറത്തേക്കു തെറിച്ചുവീണ സമ്മാസ് വൈദ്യുതി തൂണില്‍ നിന്നു ഷോക്കേറ്റാണ് മരണപ്പെട്ടത്. രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ സര്‍വാസിനും പരിക്കേറ്റു. ഇയാള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പരിസരവാസികളെത്തി ഇരുവരെയും ചെങ്കള സഹകരണ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും സമ്മാസിന്റെ മരണം സംഭവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അപകടം സംബന്ധിച്ച് ബദിയഡുക്ക പൊലീസ് കേസെടുത്തു. ബീഫാത്തിമയാണ് സമ്മാസിന്റെ മാതാവ്. മറ്റു സഹോദരങ്ങള്‍: സാബിര്‍, സഹദ്, സുഹൈല്‍ (മൂന്നു പേരും ഗള്‍ഫ്), ശബാന.
മാവിനക്കട്ടയെ കണ്ണീരിലാഴ്ത്തി വാഹനാപകടം; ഷമ്മാസ് മരിച്ചത് ഷോക്കേറ്റ്
mynews
0