കാസര്‍കോട്: കൂഡ്ലു, ചൗക്കി ജംഗ്ഷനില്‍ ഓട്ടോയ്ക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാക്കളില്‍ നിന്നു എം.ഡി.എം.എ കണ്ടെടുത്തു. തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തു. ചെങ്കള റഹ്‌മത്ത് നഗര്‍, മാനിയടുക്കത്തെ നുഹ്‌മാന്‍ (23), എറണാകുളം, കോതമംഗലം സ്വദേശി
ജോയല്‍ ജോസഫ് (22) എന്നിവരെയാണ് ടൗണ്‍ എസ്.ഐ.പി അനൂപും സംഘവും അറസ്റ്റു ചെയ്തത്.
ഞായറാഴ്ച ചൗക്കി, ജംഗ്ഷനിലെ അണ്ടര്‍ പാസേജിനു സമീപത്താണ് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരെതടഞ്ഞു വെച്ച ശേഷം നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തിയാണ് യുവാക്കളെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ വച്ച് യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നടത്തിയ ദേഹപരിശോധനയിലാണ് മയക്കുമരുന്നു കണ്ടെത്തിയത്. നുഹ്‌മാന്റെ കൈയ്യില്‍ നിന്ന് 1.18 ഗ്രാമും ജോയല്‍ ജോസഫിന്റെ കൈയില്‍ നിന്ന് 0.73 ഗ്രാം എം.ഡി.എം.യുമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞ
ു.