ആനപ്പാപ്പാനൊപ്പം ഒളിച്ചോടിയ പതിനെട്ടുകാരിയെ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി

 ആനപ്പാപ്പാനൊപ്പം ഒളിച്ചോടിയ പതിനെട്ടുകാരിയെ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി


കാസര്‍കോട്: കോട്ടയം സ്വദേശിയായ ആനപ്പാപ്പാനൊപ്പം ഒളിച്ചോടിയ പതിനെട്ടുകാരിയെ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി മാതാപിതാക്കളെ ഏല്‍പ്പിച്ചു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടി കോട്ടയം സ്വദേശിയായ കാമുകനൊപ്പമാണ് ഒളിച്ചോടിയത്. കാമുകിയെ കൂട്ടിക്കൊണ്ടു പോകാനായി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കാമുകന്‍ പെണ്‍കുട്ടിയുടെ വീട്ടിന് സമീപത്ത് എത്തിയത്. കാമുകനെ കണ്ടയുടനെ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ആറു മണിയോടെയാണ് മകളെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മൊഴിയെടുക്കുന്നതിനിടയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ മിതേഷ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞതോടെയാണ് ഒളിച്ചോട്ടക്കഥയ്ക്ക് ട്വിസ്റ്റായത്. കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്താണ് ലൊക്കേഷന്‍ കാണിച്ചിരുന്നത്. ഇക്കാര്യം എസ്.ഐ കെ. വേലായുധന്‍ ഉടന്‍ റെയില്‍വെ പൊലീസിനെ അറിയിച്ചു. തിരിച്ചറിയാനായി പെണ്‍കുട്ടിയുടെ ഫോട്ടോയും അയച്ചു കൊടുത്തു. തൊട്ടുപിന്നാലെ എസ്.ഐ.യുടെ നേതൃത്വത്തില്‍ മേല്‍പ്പറമ്പ് പൊലീസും റെയില്‍വെ സ്റ്റേഷനില്‍ എത്തി പെണ്‍കുട്ടിക്കായി തെരച്ചില്‍ നടത്തി. ഇതിനിടയിലാണ് കോട്ടയം സ്വദേശിയും ആനപ്പാപ്പാനുമായ കാമുകനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരത്തേക്ക് പോകാനായി ടിക്കറ്റെടുത്ത് ട്രെയിനിന് കാത്തിരിക്കുകയായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് മേല്‍പ്പറമ്പ് സ്റ്റേഷനില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചതായി പൊലീസ് പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today