കാസര്‍കോട്: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ഉടുമ്പ് രമേശന്‍ (36) കാസര്‍കോട്ട് അറസ്റ്റില്‍. കാസര്‍കോട് ടൗണ്‍ എസ്.ഐ അഖിലിന്റെ നേതൃത്വത്തില്‍ പാലക്കാട് പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ്. പാലക്കാട്, പറളി, മുത്തന്‍തറവാളയം, അഞ്ചാം മൈല്‍, എടത്തറ സ്വദേശിയാണ് ഉടുമ്പ് രമേശന്‍ എന്ന രമേശന്‍. കാസര്‍കോട് ബീരന്ത് വയലിലെ ആര്‍. ലക്ഷ്മി നാരായണ നായകിന്റെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 2000 രൂപ കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്. ഏപ്രില്‍ 18ന് ആയിരുന്നു കവര്‍ച്ച. നാരായണ നായികും കുടുംബവും ബംഗ്ളൂരുവിലുള്ള മകന്റെ വീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. മറ്റൊരു കേസില്‍ ജയിലില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ രമേശന്‍ നേരെ കാസര്‍കോട്ട് എത്തുകയായിരുന്നു. ജോലി തേടിയെന്ന വ്യാജേനയാണ് കാസര്‍കോട്ടേക്ക് എത്തിയത്. എന്നാല്‍ ലക്ഷ്യം കവര്‍ച്ചയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലും കര്‍ണ്ണാടകയിലുമായി നൂറിലേറെ മോഷണ കേസുകളില്‍ പ്രതിയാണ് രമേശന്‍.
കര്‍ണ്ണാടക കുടക് ജില്ലയിലെ അമ്മത്തിയിലായിരുന്നു രമേശന്റെ ജനനം. അച്ഛനും അമ്മയും തോട്ടം തൊഴിലാളികളാണ്. രമേശന്റെ അച്ഛന്‍ പാലക്കാട് സ്വദേശിയാണ്. അഞ്ചാം ക്ലാസു വരെ കുടകിലെ ഒരു സ്‌കൂളില്‍ പഠനം നടത്തി. പിന്നീട് പഠനം നിര്‍ത്തി പിതാവിന്റെ നാട്ടിലെത്തി. പാലക്കാട്ട് അമ്മായിക്കൊപ്പമായിരുന്നു താമസം. ഇതിനിടയില്‍ ഒരു ദിവസം അമ്മായിയുടെ പേഴ്സില്‍ നിന്ന് 300 രൂപ മോഷ്ടിച്ചാണ് കവര്‍ച്ചയില്‍ ഹരിശ്രീ കുറിച്ചത്. അതിന് ശേഷം പല കവര്‍ച്ചക്കാരുമായി പരിചയമാവുകയും അവരുടെ കവര്‍ച്ചാരീതികള്‍ മനസ്സിലാക്കുകയും ചെയ്തു. അത്തരം വഴികളൊന്നും അനുകരിക്കാന്‍ തയ്യാറാകാതിരുന്ന രമേശന്‍ കവര്‍ച്ചാ രംഗത്ത് സ്വന്തം വഴി കണ്ടെത്തിയാണ് കുപ്രസിദ്ധനായത്. അടച്ചിട്ട ഏതു വീട്ടിലും അള്ളിപ്പിടിച്ചു കയറി കവര്‍ച്ച നടത്തുന്നതില്‍ ലക്ഷ്യം കണ്ട രമേശന്‍ അങ്ങനെയാണ് കുറ്റാന്വേഷകര്‍ക്കിടയില്‍ ഉടുമ്പ് രമേശന്‍ ആയി മാറിയത്.