കാസര്‍കോട്: കാസര്‍കോട്ട് 2008 ഏപ്രില്‍ മാസത്തില്‍ നടന്ന കൊലപാതക പരമ്പരയിലെ ഒരു കേസില്‍ പ്രതികളായ നാല് ആർ എസ്എസ്പ്രവർത്തകർ കുറ്റക്കാരാണെന്നു ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി (രണ്ട്) കെ. പ്രിയ ഇന്നുച്ചയ്ക്ക് ശേഷം വിധിക്കും. കാസര്‍കോട്, അഡുക്കത്തുബയല്‍, ബിലാല്‍ മസ്ജിദിനു സമീപത്തെ സി.എ മുഹമ്മദ് (56) കൊല്ലപ്പെട്ട കേസിലെ പ്രതികളായ സന്തു, കിഷോര്‍, അജിത്ത്, ശിവപ്രസാദ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
2018 ഏപ്രില്‍18ന് ആണ് സി.എ മുഹമ്മദ് കുത്തേറ്റ് മരിച്ചത്. ഇപ്പോഴത്തെ കാസര്‍കോട് അഡീഷണല്‍ എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍ ആണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്ന് അദ്ദേഹം വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു.
2008 ഏപ്രില്‍ 14ന് സന്ദീപ് എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതിനു പിന്നാലെ മൂന്നു കൊലപാതകങ്ങളാണ് കാസര്‍കോട്ട് അരങ്ങേറിയത്. സന്ദീപ് കൊലക്കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടെത്തി നേരത്തെ വെറുതെ വിട്ടിരുന്നു.
സന്ദീപിനു പിന്നാലെ 2008 ഏപ്രില്‍ 16ന് നെല്ലിക്കുന്ന്, ബങ്കരക്കുന്നിലെ മുഹമ്മദ് സിനാന്‍ ആനബാഗിലു ദേശീയ പാതയിലെ അണ്ടര്‍ ബ്രിഡ്ജിനു സമീപത്തു കുത്തേറ്റു മരിച്ചു. ബൈക്കു തടഞ്ഞു നിര്‍ത്തിയായിരുന്നു ഒരു സംഘം ആള്‍ക്കാര്‍ സിനാനെ കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. സിനാന്‍ കൊലക്കേസിനു പിന്നാലെയാണ് കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായ പി. സുഹാസ് കുത്തേറ്റ് മരിച്ചത്. ഈ കേസ് തലശ്ശേരി സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. കൊലപാതക പരമ്പരയിലെ അവസാനത്തെ കേസായിരുന്നു സി.എ മുഹമ്മദിന്റേത്. ഈ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സി.കെ ശ്രീധരന്‍ കോടതിയില്‍ ഹാജരായി.