കാസര്‍കോട്: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുടെ തൂങ്ങി മരണം കാനത്തൂരിനെ കണ്ണീരിലാഴ്ത്തി. കാനത്തൂര്‍, മഹാലിംഗേശ്വര ക്ഷേത്രത്തിനു സമീപത്തെ ടി ചന്ദ്രന്റെ മകന്‍ ആഗ്നേയ് ചന്ദ്ര (12)നെ ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ക്കിടക വാവു ദിവസം വീട്ടിനു സമീപത്തെ കാവില്‍ കെട്ടിയാടിയ തെയ്യം കാണാന്‍ പോയിരുന്നു. പിന്നീട് വല്യച്ഛനൊപ്പം കോഴിയിറച്ചി വാങ്ങിയാണ് വൈകിട്ട് വീട്ടില്‍ എത്തിയത്. അതിനു ശേഷം മൂന്നു മാസം പ്രായമുള്ള സഹോദരിയെ കളിപ്പിച്ച ശേഷം അടുക്കളയിലെത്തി അമ്മൂമ്മയോട് കോഴിക്കറിയെ കുറിച്ച് സംസാരിച്ച ശേഷമാണ് കുളിമുറിയില്‍ കയറിയത്. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെ തുടര്‍ന്ന് വിളിച്ചുവെങ്കിലും പ്രതികരിച്ചില്ല. വാതില്‍ തുറന്നു നോക്കിയപ്പോഴാണ് കുളിമുറിയിലെ അയയില്‍ തോര്‍ത്ത് കെട്ടി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കനായിരുന്ന ആഗ്നേയ് എന്തിനാണ് ഈ കടുംകൈ ചെയ്തതെന്നു അറിയാതെ കണ്ണീരൊഴുക്കുകയാണ് കുടുംബവും വീട്ടുകാരും. നാട്ടുകാരും ആഗ്നേയിന്റെ മരണത്തില്‍ ദുഃഖിതരാണ്. കുസൃതിക്കാരനാണ് ആഗ്നേയ്. അങ്ങനെ അബന്ധത്തിലാണോ മരണം സംഭവിച്ചതെന്ന സംശയവും ഉണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം നാട്ടിലെത്തിച്ച് കാനത്തൂര്‍, സര്‍വ്വോദയ വായനശാലയിലും കാനത്തൂര്‍ ഗവ. യു പി സ്‌കൂളിലും പൊതുദര്‍ശനത്തിനു വച്ച ശേഷം വീട്ടു വളപ്പില്‍ സംസ്‌ക്കരിക്കും. കാനത്തൂര്‍ ജവഹര്‍ ബാലവേദി ജോയിന്റ് സെക്രട്ടറിയായ ആഗ്നേയ് ചന്ദ്രന്‍ കഴിഞ്ഞ വര്‍ഷം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പദ്യപാരായണത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുടെ തൂങ്ങി മരണം കാനത്തൂരിനെ കണ്ണീരിലാഴ്ത്തി
mynews
0