കാസര്‍കോട്: ജോലിക്കു പോയ പിഗ്മി കലക്ഷന്‍ ഏജന്റിനെ കാണാതായി. സ്‌കൂട്ടര്‍ ചന്ദ്രഗിരിപ്പാലത്തിനു മുകളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുഴയില്‍ ചാടിയതായിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും പരിശോധന നടത്തുന്നു. കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്കിലെ പിഗ്മി കലക്ഷന്‍ ഏജന്റായ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാമ്പാച്ചിക്കടവ്, അയ്യപ്പഭജന മന്ദിരത്തിനു സമീപത്തെ ബി.എ രമേഷി(50)നെയാണ് കാണാതായത്. സാധാരണ നിലയില്‍ കലക്ഷന്‍ കഴിഞ്ഞ് രാത്രി 8.30 മണിയോടെ വീട്ടില്‍ തിരിച്ചെത്തുകയാണ് പതിവ്. വ്യാഴാഴ്ച പതിവുസമയം കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് ഭാര്യാ സഹോദരന്‍ ദിനേശന്‍ നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
അന്വേഷിക്കുന്നതിനിടയിലാണ് രമേഷിന്റെ സ്‌കൂട്ടര്‍ ചന്ദ്രഗിരിപ്പാലത്തിനു സമീപത്തു കാണപ്പെട്ടത്. പൊലീസെത്തി പരിശോധിച്ചപ്പോള്‍ ബാഗും ഫോണും സ്വര്‍ണാഭരണവും സ്‌കൂട്ടറില്‍ നിന്നു കണ്ടെത്തി. പുഴയില്‍ ചാടിയതായിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചില്‍ ഇന്നും തുടരുന്നു.