വീട്ടുജോലിക്കെത്തി കവർച്ച; 2 യുവതികൾ അറസ്റ്റിൽ

വീട്ടില്‍ ജോലിക്കെത്തിയ സമയത്ത് സ്വര്‍ണ്ണവും ഐ ഫോണും സ്മാര്‍ട്ട് വാച്ചും മോഷ്ടിച്ച യുവതികളെ വീട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു. കയ്യാറില്‍ താമസക്കാരും പത്തനംതിട്ട സ്വദേശികളുമായ ബ്ലസി, ജാന്‍സി എന്നിവരാണ് പിടിയിലായത്. കുബണൂര്‍, ബി.സി റോഡിലെ റഹ്‌മത്ത് മന്‍സിലില്‍ നിന്നു ഐ ഫോണ്‍, മൂന്നേ മുക്കാല്‍പ്പവന്‍ സ്വര്‍ണ്ണം, സ്മാര്‍ട്ട് വാച്ച് എന്നിവ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കയ്യാറില്‍ താമസിച്ച് വീടുകളില്‍ എത്തി ക്ലീനിംഗ് ജോലി ചെയ്തു വരുന്നവരാണ് ബ്ലസിയും ജാന്‍സിയും. ഒരു മാസം മുമ്പാണ് ഇരുവരും കുബണൂറിലെ സൈനുദ്ദീന്റെ വീട്ടില്‍ ആദ്യമായി ക്ലീനിംഗ് ജോലിക്കെത്തിയത്. അന്നാണ് ഐ ഫോണ്‍ മോഷണം പോയത്. എവിടെയെങ്കിലും നഷ്ടപ്പെട്ടതായിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. അതിനാല്‍ പരാതി നല്‍കിയിരുന്നില്ല. ആഗസ്ത് 24,25 തിയതികളിലും ഇരുവരും വീണ്ടും വീട്ടുജോലിക്കെത്തി. അന്നാണ് കിടപ്പുമുറിയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന മൂന്നേ മുക്കാല്‍പ്പവന്‍ സ്വര്‍ണ്ണവും മൊബൈല്‍ ഫോണും സ്മാര്‍ട്ട് വാച്ചും മോഷണം പോയത്. ജോലിക്കുവന്നവര്‍ തിരികെ പോയതിനു ശേഷമാണ് ഇക്കാര്യം വ്യക്തമായത്. മോഷണം സംബന്ധിച്ച് സൈനുദ്ദീന്‍ പൊലീസില്‍ പരാതിയും നല്‍കി. മോഷണത്തിനു പിന്നില്‍ ജോലിക്കായി എത്തിയവരാണെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരെയും ജോലിയുണ്ടെന്നു പറഞ്ഞു വിളിച്ചുവരുത്തി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് തങ്ങളാണ് കവര്‍ച്ച നടത്തിയതെന്ന കാര്യം ഇരുവരും സമ്മതിച്ചതെന്നു വീട്ടുകാര്‍ പറഞ്ഞു. മോഷണം പോയ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് പൊലീസിനു കൈമാറുകയായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today