കാസര്‍കോട്: ഓണക്കാലമെത്തിയതോടെ സംസ്ഥാനത്തേയ്ക്ക് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഒഴുക്കും തുടങ്ങി. ഓണാഘോഷ കാലയളവില്‍ ജില്ലയിലേക്കുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. പ്രമാദമായ കേസ് കണ്ടെടുക്കാന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്ക് തക്കതായ പാരിതോഷികം നല്‍കാനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്. വിവരദായകരുടെ പേര് രഹസ്യമാക്കി വയ്ക്കുമെന്നും അറിയിപ്പില്‍ പറയുന്നു. എക്സൈസ് വകുപ്പ് നടത്തി വരുന്ന സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി ചുരുങ്ങിയ കാലയളവില്‍ 82 അബ്കാരി കേസുകളും 12 എന്‍.ഡി.പി.എസ് കേസുകളും 193 കോട്പ കേസുകളും കണ്ടെത്തിയിട്ടുണ്ട്. ആകെ 678.38 ലിറ്റര്‍ കര്‍ണാടക മദ്യം, 82.24 ലിറ്റര്‍ ഗോവന്‍ മദ്യം, 199.1 ലിറ്റര്‍ കേരള മദ്യം, 10 ലിറ്റര്‍ ചാരായം 1535 ലിറ്റര്‍ വാഷ് 7.67, ഒരു കിലോഗ്രാം കഞ്ചാവ്, 2.741 ഗ്രാം മെഥാഫെറ്റമിന്‍, 69.045 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ പിടികൂടി. കടത്ത് സംഘങ്ങളില്‍ നിന്നും മൂന്ന് കാറുകളും മൂന്ന് ഓട്ടോറിക്ഷകളും ഉള്‍പ്പെടെ പതിനെട്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു. മുന്‍ സ്പിരിറ്റ് കടത്ത് കേസിലെ പ്രതിയും ജില്ലയിലേക്ക് തലപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന മദ്യം കടത്തുന്ന സംഘത്തിലെ പ്രധാനിയുമായ രവി കിരണ്‍, ഗ്വാളിമുഖ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അലകെ മുഹമ്മദ് ഷാന്‍പാത്ത് എന്നിവരെ എക്സൈസ് പിടികൂടി. അബ്കാരി കേസുകളില്‍ 51 പ്രതികളെയും എന്‍.ഡി.പി.എസ് കേസുകളില്‍ 13 പ്രതികളെയും അറസ്റ്റ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.
മദ്യ-മയക്കുമരുന്ന് കടത്തിനെതിരെ എക്സൈസ്; വിവരം നൽകുന്നവർക്ക് പാരിതോഷികം
mynews
0