കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസില്‍ കാസർകോട് സ്വദേശിയായ മുഖ്യപ്രതി അറസ്റ്റില്‍.
ചട്ടൻചാല്‍ കാവുംപള്ളം ബന്താട്ടെ അബ്ദുല്‍ റഹ്മാനാണ് (47) അറസ്റ്റിലായത്. പ്രതി എറണാകുളത്ത് താമസിച്ച് ബിസിനസ് നടത്തിവരുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 27നായിരുന്നു സംഭവം. കടവന്ത്രയില്‍ യുവാവിന്റെ കടയുടെ സമീപത്തുനിന്നും ആറംഗസംഘം ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയി ഇടക്കൊച്ചിയിലെ ഫ്ളാറ്റില്‍ തടവിലാക്കി മർദ്ദിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മുഖ്യപ്രതി അറസ്റ്റിലായത്.
എറണാകുളം സെൻട്രല്‍ അസി. കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ കടവന്ത്ര എസ്.എച്ച്.ഒ പി.എം. രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ സജീവ്‌കുമാർ, എ.എസ്.ഐ ദിലീപ്, എസ്.സി.പി.ഒമാരായ രതീഷ് ഷിബു എന്നിവരടങ്ങുന്ന സംഘം കാസർകോടുനിന്നാണ് പ്രതിയെ പിടികൂടിയത്.