ബ്രേക്ക് ഡൗണായ കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു; ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട്

കാസര്‍കോട്: ബ്രേക്ക് തകരാറിലായ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് പാഞ്ഞു. ഇരുചക്രവാഹനങ്ങളിലിടിച്ച ബസ് റോഡരികിലെ മതിലില്‍ ഇടിച്ചു നിന്നു. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ഒഴിവായത് വന്‍ ദുരന്തം. ബുധനാഴ്ച രാവിലെ 11.30 ഓടെ കാസര്‍കോട് നഗരത്തിലെ ട്രാഫിക് ജംങ്ഷനിലാണ് അപകടം. ചട്ടഞ്ചാലില്‍ നിന്ന് ദേളി വഴി കാസര്‍കോട് ഡിപ്പോയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. പഴയ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കിയ ശേഷം ട്രാഫിക് ജംങ്ഷനില്‍ എത്തുന്നതിന് മുമ്പേ ബ്രേക്ക് തകരാറിലായി ബസ് നിയന്ത്രണം വിട്ട് മുന്നോട്ട് പോവുകയായിരുന്നു. ജംങ്ഷന്‍ കടന്നു പോയ ബസ് പള്ളത്തെ മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളെയും ഇടിച്ചിരുന്നു. ഡിപ്പോയിലേക്കുള്ള മടക്കയാത്രയായതിനാല്‍ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് ബസിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ബസ് ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി ബാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.
Previous Post Next Post
Kasaragod Today
Kasaragod Today