കാസര്‍കോട്: എസ്ഡിപിഐ പ്രവര്‍ത്തകനും കാസര്‍കോട് എം.ജി റോഡിലെ ബെഡ് കടയിലെ ജീവനക്കാരനുമായ തളങ്കര, നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദി(24)നെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ (മൂന്ന്)ആരംഭിച്ചു.
2014 ഡിസംബര്‍ 22ന് രാത്രിയിലാണ് സൈനുല്‍ ആബിദ് കൊല്ലപ്പെട്ടത്. പിതാവിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ വച്ച് വ്യക്തിവിരോധം വച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. ഉദയന്‍, പ്രശാന്ത്, മഹേഷ്, അനി എന്ന അനില്‍കുമാര്‍ തുടങ്ങി 21 പ്രതികളാണ് കേസിലുള്ളത്. എട്ടാംപ്രതി ജ്യോതിഷ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു പ്രതിയായ മഹേഷ് കാപ്പ പ്രകാരം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസിലെ മുഖ്യസാക്ഷിയും സൈനുല്‍ ആബിദീന്റെ പിതാവുമായ മുഹമ്മദ് കുഞ്ഞി രണ്ടു വര്‍ഷം മുമ്പ് കര്‍ണ്ണാടകയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മറ്റൊരു സാക്ഷിയും സഹോദരനുമായ അബ്ദുല്‍ റഷീദ് അസുഖം മൂലവും മരണപ്പെട്ടിരുന്നു. അന്നത്തെ കാസര്‍കോട് സിഐയായിരുന്ന പി.കെ സുധാകരന്‍ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സതീശന്‍ ഹാജരായി.