കാസര്‍കോട്: ജോലിത്തട്ടിപ്പില്‍ കുടുങ്ങി 12.70 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലെ പരാതിക്കാരിയുടെ മാതാവ് ഷെഡിനകത്തു കെട്ടിത്തൂങ്ങി ജീവനൊടുക്കി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളത്തടുക്ക, നെല്ലിക്ലായയിലെ അരവിന്ദാക്ഷന്റെ ഭാര്യ സരോജിനി (50)യാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഭര്‍ത്താവ് അരവിന്ദാക്ഷന്‍ പാലു കൊടുക്കാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ് സരോജിനിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താഴെയിറക്കി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബദിയഡുക്ക പൊലീസ് കേസെടുത്തു. മക്കള്‍: അമൃത, അനിത, അനീഷ. മരുമകന്‍: വിജിന്‍.
അമൃതയ്ക്കു സിപിസിആര്‍ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്‍ ഡിവൈഎഫ്‌ഐ നേതാവും അധ്യാപികയുമായ ഷേണിയിലെ സച്ചിതാറൈ 12.70 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. പണം തിരികെ നല്‍കാത്തതിനാല്‍ അമൃത നല്‍കിയ പരാതി പ്രകാരമാണ് സച്ചിതയ്‌ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തിരുന്നത്. സമാനരീതിയില്‍ പണം തട്ടിയതിനു സച്ചിതാറൈക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുണ്ട്.