കാസര്‍കോട്: യുവതീയുവാക്കളെ നഗ്നരാക്കി നിര്‍ത്തി വീഡിയോകളും ഫോട്ടോകളും ചിത്രീകരിച്ച് ഹണിട്രാപ്പ് നടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കളനാട്, മേല്‍പ്പറമ്പ് ഹൗസിലെ എം എ ഇബ്രാഹിം ബാദുഷ (27)യെ ആണ് മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ കെ വേലായുധന്‍ അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം ഗള്‍ഫിവേയ്ക്ക് കടന്ന പ്രതി തിങ്കളാഴ്ച വൈകുന്നേരം മടക്കയാത്രയ്ക്കിടയില്‍ കോഴിക്കോട് വിമാനത്താവനളത്തിലാണ് അറസ്റ്റിലായത്. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
2024 സെപ്തംബര്‍ 12ന് ആണ് കേസിനാസ്പദമായ സംഭവം. കേസിലെ പരാതിക്കാരനായ യുവാവിനെ മൂന്നുപേര്‍ തടഞ്ഞു നിര്‍ത്തുകയും ഹെല്‍മെറ്റ് കൊണ്ടും കൈകൊണ്ടും തലയ്ക്ക് അടിച്ചും ഫോണ്‍ വിളിച്ചും വാട്‌സ് ആപ്പില്‍ മെസേജ് അയച്ചും ഭീഷണിപ്പെടുത്തിയെന്നാണ് മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ യുവതിയുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ഈ സമയത്താണ് യുവാവിനെയും തന്നെയും നഗ്നരാക്കി ഒന്നിച്ചു നിര്‍ത്തി വീഡിയോ ചിത്രീകരിച്ചുവെന്ന് വ്യക്തമായത്. ഇതിനിടയില്‍ മുഖ്യപ്രതിയായ ഇബ്രാഹിം ബാദുഷ ഗള്‍ഫിലേയ്ക്ക് കടന്നു. ഈ വിവരം എല്ലാ വിമാനതാവളങ്ങളിലും അറിയിച്ചിരുന്നതിനാലാണ് മടക്കയാത്രയ്ക്കിടയില്‍ പ്രതി അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു.