കാസര്‍കോട്: നിര്‍മ്മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ചെമ്പരിക്കയിലെ ഹാരീസ്(40) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ചെമ്പരിക്ക എല്‍പി സ്‌കൂളിന് സമീപമുള്ള അബ്ദുള്ളക്കുഞ്ഞി ഹാജിയുടെ വീട്ടുപറമ്പിലെ കിണറില്‍ കല്ലുകെട്ടുന്നതിനിടെയാണ് അപകടം.
പ്രദീപ്, ഹാരീസ്, ഷെരീഫ് എന്നീ തൊഴിലാളികളാണ് അപകട സമയത്ത് കിണറിനകത്ത് ഉണ്ടായിരുന്നത്. പെട്ടെന്ന് ഒരുഭാഗത്തുള്ള മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിന് അടിയില്‍പെട്ട ഹാരിസിനെ വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സാണ് കരക്കെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിണറിനുള്ളിലുണ്ടായിരുന്ന മറ്റുതൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാസര്‍കോട് ഫയര്‍ സ്റ്റേഷനിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഹര്‍ഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. മേല്‍പറമ്പ് പൊലീസും നാട്ടുകാരും ഇവരെ സഹായിച്ചു. ചെമ്പരിക്കയിലെ അബ്ദുല്ലയുടെയും നഫീസയുടെയും മകനാണ് ഹാരിസ്. ഭാര്യ: ശബാന. മക്കള്‍: അല്‍ഫാസ്, അര്‍ശാന.