കാറില്‍ എംഡിഎംഎ കടത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: സ്ത്രീകളെ ഉപയോഗിച്ച് കാറില്‍ മയക്കുമരുന്നു കടത്തിക്കൊണ്ടുവന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സംഘത്തിനു എംഡിഎംഎ കൈമാറിയ കര്‍ണ്ണാടക, കുടക്, വീരാജ്‌പേട്ട, ഹാലുഗുണ്ടയിലെ എ.കെ ആബിദിനെയാണ് ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ഫെബ്രുവരി 25ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ആദൂര്‍ എസ്.ഐ കെ.പി വിനോദ് കുമാറും സംഘവും നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കൊട്യാടി ഭാഗത്തു നിന്നു ഒരു കാര്‍ അതിവേഗം ഓടിച്ചു വരുന്നത് കണ്ടത്. സംശയം തോന്നി കാറിനു കൈകാണിച്ചുവെങ്കിലും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഇതോടെ പൊലീസ് സംഘം പിന്‍തുടര്‍ന്നു. പലേ വഴികളിലൂടെ ഓടിയ കാറിനെ പൊലീസ് സംഘം പിന്തുടര്‍ന്നു ബെള്ളിപ്പാടി റോഡ് ജംഗ്ഷനില്‍ പൊലീസ് വണ്ടി റോഡിനു കുറുകെയിട്ടാണ് പിടികൂടിയത്. വിശദമായ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിലാക്കി പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 100.76 ഗ്രാം എംഡിഎംഎ പിടികൂടിയത്. കാറിലുണ്ടായിരുന്ന മുളിയാര്‍, മാസ്തിക്കുണ്ടിലെ മുഹമ്മദ് സഹദ് (26), കാസര്‍കോട്, കോട്ടക്കണിയില്‍ പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.എം ഷാനവാസ് (42), ഭാര്യ ഷരീഫ (40), ചട്ടഞ്ചാല്‍ എഫ്.എം മന്‍സിലിലെ ഷുഹൈബ (28) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. സംഭവ സമയത്ത് ഒരു കുട്ടിയും കാറിലുണ്ടായിരുന്നു. കാറില്‍ നിന്നു പിടികൂടിയ മൊബൈല്‍ ഫോണില്‍ നിന്നാണ് മയക്കുമരുന്നു കൈമാറിയത് ആബിദാണെന്നു മനസ്സിലായത്. അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Previous Post Next Post
Kasaragod Today
Kasaragod Today