തളങ്കരയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ചന്ദ്രഗിരി പുഴയിൽ കണ്ടെത്തി

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാസര്‍കോട്, ചൗക്കിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും തളങ്കര, തെരുവത്തെ കുഞ്ഞിക്കോയ തങ്ങളുടെ മകനുമായ സയ്യിദ് സക്കറിയ (21)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി സക്കറിയയുടെ സ്‌കൂട്ടി ചന്ദ്രഗിരി പാലത്തില്‍ നിറുത്തിയ നിലയില്‍ കണ്ടെത്തിയതോടെയാണ് പുഴയില്‍ ചാടിയതായുള്ള സംശയം ഉയര്‍ന്നത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും രാത്രിയായതിനാല്‍ കണ്ടെത്താന്‍ കഴിയാതെ മടങ്ങി. ബുധനാഴ്ച രാവിലെ ചെമ്മനാട് ജമാഅത്ത് പള്ളിക്കു സമീപത്ത് പുഴയില്‍ വള്ളിപടര്‍പ്പുകള്‍ക്ക് ഇടയില്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരക്കെടുത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നഗരത്തില്‍ പഴം-പച്ചക്കറി വില്‍പ്പന നടത്തി വരികയായിരുന്നു സക്കറിയയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: അറഫാത്ത്, സൈനുല്‍ ആബിദ്, റഹ്‌മത്ത് ബീവി. സക്കറിയയുടെ മരണത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
Previous Post Next Post
Kasaragod Today
Kasaragod Today