1ഓണ്‍ലൈന്‍ ട്രേഡിങിലൂടെ വന്‍ ലാഭ വാഗ്ദാനം നല്‍കി 19.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിങിലൂടെ വന്‍ ലാഭ വാഗ്ദാനം നല്‍കി 19.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മധൂര്‍ പട്ട്‌ളയിലെ അബൂബക്കര്‍ അനസി(23)ന്റെ പരാതിയിലാണ് കേസ്. വാട്‌സാപ്പില്‍ വന്ന മെസേജ് വഴി ടെലഗ്രാം ഗ്രൂപ്പില്‍ ചേരുകയായിരുന്നു. ഓണ്‍ലൈന്‍ ക്രിപ്‌റ്റോ ട്രേഡ് മാര്‍ക്കറ്റിങ് എന്ന പ്ലാറ്റ്‌ഫോമിലാണ് പണം അയച്ചത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവില്‍ പലതവണയായി 19,55,232 രൂപ നിക്ഷേപിച്ചിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പിന്നീട് പണമോ ലാഭവിഹിതമോ നല്‍കാതെ വഞ്ചിച്ച എന്നാണ് പരാതി. സോഷ്യല്‍ മീഡിയ വഴിയാണ് സ്ഥാപനത്തെ പരിചയപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. ജില്ലയിലെ നിരവധി പേരാണ് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പില്‍പെട്ടത്. കഴിഞ്ഞ ഒരുവര്‍ഷമായി പൊലീസും സര്‍ക്കാരും മാധ്യമങ്ങളും പലതവണ മുന്നറിയിപ്പു നല്‍കിയിട്ടും പലരും ഈ ചതിക്കുഴില്‍ വീഴുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.