കാസര്‍കോട്/മംഗ്‌ളൂരു: കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ രണ്ടു യുവാക്കളെ കൊലപ്പെടുത്തി കാറില്‍ കയറ്റി കൊണ്ടു വന്ന് കുണ്ടംകുഴി, മരുതടുക്കത്ത് കുഴിച്ചിട്ട കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷാ പ്രഖ്യാപനം ഏപ്രില്‍ 19ലേക്ക് മാറ്റി. ഏപ്രില്‍ 16ന് പ്രഖ്യാപിക്കുമെന്നാണ് മംഗ്‌ളൂരു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്.
ചെങ്കളയിലെ മുഹമ്മദ് മുഹാജീര്‍ സനാഫ് (25), അണങ്കൂര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ് (24), മുഹമ്മദ് സഫ്‌വാന്‍ (24) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നത്.
2014 ജുലായ് ഒന്നിന് പട്ടാപ്പകലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍, തലശ്ശേരിയിലെ നാഫിര്‍ (24), കോഴിക്കോട്ടെ ഫാഹിം (25) എന്നിവരാണ് പാണ്ഡേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അത്താവാറിലെ വാടക വീട്ടില്‍ കൊല്ലപ്പെട്ടത്. രണ്ടു പേരെയും കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഡസ്റ്റര്‍ കാറിന്റെ ഡിക്കിയില്‍ കയറ്റി കാസര്‍കോട് വഴി മരുതടുക്കത്തേക്ക് കൊണ്ടു പോയി കുഴിച്ചു മൂടിയെന്നാണ് കേസ്. കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങളും രക്തം പുരണ്ട തുണികള്‍ അടങ്ങിയ കെട്ടുകളും ചന്ദ്രഗിരി പുഴയില്‍ ഉപേക്ഷിച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മംഗ്‌ളൂരു സിറ്റി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച് മൃതദേഹങ്ങള്‍ മരുതടുക്കത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.