കാസർകോട് കരിക്കിന്റെ വില കൂടി 60 രൂപയായി

കുമ്പള: ചൂട് കൂടുതല്‍ കടുത്തതോടെ ദാഹമകറ്റാന്‍ ഏറെ പേരും ശുദ്ധമായ കരിക്കിന്‍ വെള്ളത്തെ ആശ്രയിച്ചു തുടങ്ങി. ആവശ്യക്കാര്‍ കൂടിയതോടെ വില്‍പ്പനക്കാരന്‍ പറയുന്നതാണ് വില. റംസാനില്‍ 45 മുതല്‍ 50 വരെ ഈടാക്കിയിരുന്ന കരിക്കിന് ഇപ്പോള്‍ വില 60 രൂപയില്‍ എത്തി നില്‍ക്കുന്നു.
തേങ്ങക്ക് കിലോക്കു 60 രൂപ വരെ എത്തി നില്‍ക്കുമ്പോള്‍ ഒരു കരിക്കിന് ഇപ്പോള്‍ വില 60 രൂപയാണ്. ഇത് തേങ്ങയുടെയും, കൊപ്രയുടെയും വില കൂടിയത് കൊണ്ടല്ല. മറിച്ച് ചൂട് കൂടിയതിലുള്ള വില വര്‍ധനവാണ്. കരിക്കിന്‍ വെള്ളത്തിന് ആവശ്യക്കാര്‍ കൂടിയപ്പോള്‍ വില്‍പ്പനക്കാര്‍ വില വര്‍ധിപ്പിച്ചു. കിട്ടിയ കോള് അവരും മുതലെടുക്കുന്നു.
‘പാലക്കാടന്‍’എന്ന് വിളിപ്പേരുള്ള തമിഴ്‌നാട്ടില്‍ നിന്നുള്ള കരിക്കുകളാണ് ഇപ്പോള്‍ ജില്ലയിലേക്ക് വില്‍പനയ്ക്ക് എത്തുന്നത്. നാടന്‍ കരിക്കുകളൊന്നും ഇപ്പോള്‍ കിട്ടാറില്ലെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. ജില്ലയിലെ മൊത്ത വില്‍പന ഏജന്റുമാരാണ് കരിക്ക് വിപണിയില്‍ എത്തിക്കുന്നത്. ലോഡ് കണക്കിന് കരിക്കാണ് ദിവസേന അതിരാവിലെ തന്നെ ജില്ലയില്‍ എത്തുന്നത്. ഇത് രാവിലെ 10 മണിക്ക് മുമ്പ് വില്‍പ്പന കടകളില്‍ എത്തിക്കും. ഫ്രൂട്ട് കടകളിലാണ് ഏറെയും വില്‍പന. മൊത്ത വിതരണക്കാരില്‍ നിന്ന് 40 മുതല്‍ 45 രൂപയ്ക്ക് കരിക്ക് ലഭിക്കുന്നുവെന്ന് പറയുന്നു. ഇതിനാണ് 55 മുതല്‍ 60 രൂപയ്ക്ക് വരെ വില്‍ക്കുന്നത്. വലിപ്പ കുറവുള്ള കരിക്കുകള്‍ക്ക് 50 രൂപയ്ക്ക് തന്നെ വില്‍ക്കേണ്ടി വരുന്നുണ്ടെന്നും വില്‍പ്പനക്കാര്‍ പറയുന്നു.
നേരത്തെ യഥേഷ്ടം കര്‍ണാടക കരിക്കുകള്‍ ജില്ലയിലെത്തുമായിരുന്നു. ഇപ്പോള്‍ വരവ് കുറഞ്ഞതായി വില്‍പ്പനക്കാര്‍ പറയുന്നു. മുംബൈ നഗരങ്ങളില്‍ കരിക്കിന് ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ കര്‍ണാടകയിലെ ഏജന്റുമാര്‍ കരിക്ക് മുംബൈയിലേക്ക് കയറ്റി അയക്കുകയാണെന്നു പറയുന്നു. മുംബൈയില്‍ കരിക്കിന് 70 രൂപ വില ഈടാക്കുന്നു. അതുകൊണ്ടാണ് തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ‘പാലക്കാടന്‍’ കരിക്കിനെ ജില്ല ആശ്രയിക്കേണ്ടി വരുന്നത്.
أحدث أقدم
Kasaragod Today
Kasaragod Today