പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പാസ്റ്റര്‍ക്ക് ജീവപര്യന്തം കഠിനതടവും 1,10,000 രൂപ പിഴയും

വീട്ടില്‍ അതിക്രമിച്ചു കയറി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പാസ്റ്റര്‍ക്ക് ജീവപര്യന്തം കഠിനതടവും 1,10,000 രൂപ പിഴയും. വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് എസ്‌റ്റേറ്റ് ലയത്തില്‍ പെരുംതഴയില്‍ ജോമോന്‍ ജയിംസിനെ(33)യാണ് തൊടുപുഴ പോക്‌സോ കോടതി സ്‌പെഷ്യല്‍ ജഡ്ജി കെ അനില്‍കുമാര്‍ ശിക്ഷിച്ചത്.

2014 ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. മതവിശ്വാസം പറഞ്ഞാണ് പെണ്‍കുട്ടിയെയും അമ്മയെയും പ്രതി മുതലെടുത്തത്. ദൈവപ്രഘോഷണത്തിന്റെ മറവില്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

ലൈംഗികപീഡനത്തിന് പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം പരമാവധി ശിക്ഷയായ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപയുമാണ് ശിക്ഷ. കൂടാതെ, വീട്ടില്‍ അതിക്രമിച്ചു കടന്നതിന് പത്തുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. പിഴ തുക പെണ്‍കുട്ടിയ്ക്ക് നല്‍കണം.

പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ബി വാഹിദ ഹാജരായി.
Previous Post Next Post
Kasaragod Today
Kasaragod Today