കാസര്‍ഗോഡ്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ത്ഥിയാക്കയതിരെതിരെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. രവീശ തന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ നിഷ്പക്ഷ വോട്ടുകള്‍ നഷ്ടപ്പെടുമെന്നാണ് വിമര്‍ശനം. കുമ്ബള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികളാണ് പ്രതിഷേധം അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്നും കമ്മറ്റികള്‍ അറിയിച്ചു.
അതിനിടെ മണ്ഡലം കമ്മറ്റി യോഗത്തിന് എത്തിയ ജനറല്‍ സെക്രട്ടി എല്‍ ഗണേഷിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. വിവരം അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെയും മര്‍ദ്ദിച്ചു. ദൃശ്യമാധ്യമ പ്രവര്‍ത്തകരെയാണ് മര്‍ദ്ദിച്ചത്. ഇവരുടെ ക്യാമറ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ നിഷ്പക്ഷ വോട്ടുകള്‍ കൂടി സമാഹരിക്കാതെ മഞ്ചേശ്വരത്ത് വിജയിക്കാനാകില്ല. മഞ്ചേശ്വരത്ത് രവീശ തന്ത്രി മത്സരിക്കാന്‍ നിഷ്പക്ഷ വോട്ടുകള്‍ ലഭിക്കില്ലെന്നാണ് വിമര്‍ശനം. രവീശ തന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കിയത് ഒത്തുകളിയാണെന്നും ഇവര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവ് സുബ്ബയ്യ റായിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബി.ജെ.പി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സുബ്ബയ റായി പിന്‍മാറിയതോടെ ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തോ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരിയോ സ്ഥാനാര്‍ത്ഥിയായേക്കുമെന്നായിരുന്നു പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നത്.