കൊല്‍ക്കത്ത: ആഞ്ഞുവീശിയ ബുള്‍ ബുള്‍ ചുഴലിക്കാറ്റില്‍ ബംഗാളിലും ബംഗ്ലാദേശിലുമായി എട്ടു പേര്‍ മരിച്ചു, എങ്ങും കനത്ത നാശം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ബംഗാളിനും ബംഗ്ലാദേശ് മേഖലയിലേക്കും പ്രവേശിച്ച ചുഴലിക്കാറ്റ് 120 കിമീ വേഗതയിലാണ് കരയിലെത്തിയത്. ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലും കൂടാതെ ഒഡീഷയിലും ചുഴലിക്കാറ്റ് നാശം വിതിച്ചിട്ടുണ്ട്.
ബംഗാളില്‍ മൂന്ന് പേര്‍ മരം വീണും, ഒരാള്‍ മതിലിടിഞ്ഞ് വീണുമാണ് മരിച്ചത്. ബംഗ്ലാദേശില്‍ നാല് പേര്‍ മരം വീണ് മരിച്ചപ്പോള്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ബംഗ്ലാദേശിലെ നാലായിരത്തോളം വീടുകള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നു. ഇതിലേറെയും ദരിദ്രരായ ആളുകള്‍ പാര്‍ക്കുന്ന മണ്‍വീടുകളാണ് . ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ച കുല്‍നയില്‍ വന്‍നാശമാണ് ഉണ്ടായത്. ലോകത്തെ ഏറ്റവും വലിയ കണ്ടല്‍ക്കാട് മേഖലയായ സുന്ദര്‍ബന്‍ മേഖലയില്‍ വന്‍നാശമുണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു. ബംഗ്ലാദേശിലേയും ബംഗാളിലേയും വിമാനത്താവളങ്ങളുടേയും തുറമുഖങ്ങളുടേയും പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്നു. ബംഗ്ലാദേശിലും ഇന്ത്യയിലുമായി 25 ലക്ഷത്തോളം ജനങ്ങള്‍ ഇതിനോടകം ക്യാംപുകളിലേക്ക് മാറിയതായാണ് വിവരം. ബംഗ്ലാദേശിലൂടെ മുന്നോട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ ദുര്‍ബലമാവുമെന്നാണ് പ്രതീക്ഷ.
ദേശീയ ദുരന്ത നിവാരണ സേനയുടെ പത്ത് കമ്ബനിയെ ബംഗാളിലേക്കും ആറ് കമ്ബനിയെ ഒഡീഷയിലേക്കും അയച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അതോടൊപ്പം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ടെലിഫോണില്‍ സംസാരിച്ചു. ബംഗാളിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായും ചുഴലിക്കാറ്റും ശക്തമായ മഴയും തുടരുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Previous Post Next Post
Kasaragod Today
Kasaragod Today