പീഡനക്കേസ്: പ്രതിയെ എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടി


കിളിമാനൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ മാതാവ് അറസ്റ്റിലായതിനു പിന്നാലെ മകനും അറസ്റ്റില്‍. കടയ്ക്കാവൂര്‍, ചിറമൂല പൊയ്കവിള വീട്ടില്‍നിന്ന് കരവാരം ചാത്തന്‍പാറ തവക്കല്‍ മന്‍സിലില്‍ താമസമാക്കിയ ഷിയാസ് (24)ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നാണ് പിടികൂടിയത്. അബുദാബിയിലുള്ള സഹോദരന്റെ അടുത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. ലൈംഗികപീഡനത്തിന് വീട്ടില്‍ ഒത്താശ ചെയ്തുകൊടുത്ത ഷിയാസിന്റെ മാതാവ് തവക്കല്‍ മന്‍സിലില്‍ നൗഷാദിന്റെ ഭാര്യ നിസ എന്ന ഹയറുന്നിസയെ (47) നേരത്തെ അറസ്റ്റുചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്തതും ബന്ധുവുമായ പെണ്‍കുട്ടിയെ ഷിയാസിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചശേഷം ഹയറുന്നിസ, താനും ഷിയാസും താമസിക്കുന്ന തവക്കല്‍ മന്‍സിലിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയും പലവട്ടം പീഡിപ്പിക്കുകയുമായിരുന്നു.

പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നു ഒഴിഞ്ഞു മാറിയ പ്രതികള്‍ ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കിളിമാനൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. മനോജ് കുമാറിന്റെ നേതൃത്വത്തില്‍ സബ്‌ഇന്‍സ്പെക്ടര്‍ എസ്. അഷറഫ്, സുരേഷ് കുമാര്‍, റ്റി.കെ. ഷാജി, താജുദീന്‍, രാജശേഖരന്‍, രാജീവ്, സുജിത്ത്, പ്രദീപ്, ജസ്ലറ്റ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാന്‍ഡുചെയ്തു
Previous Post Next Post
Kasaragod Today
Kasaragod Today