ആംബുലൻസ് ലഭിച്ചില്ല; ആശുപത്രിയിൽ നിന്ന് മൃതദേഹം കൊണ്ടുപോയത് പിക്കപ് ജീപ്പിൽ


പീരുമേട് ∙ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാളുടെ മൃതദേഹം ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്നു വീട്ടിൽ എത്തിച്ചത് പിക്കപ് ജീപ്പിൽ. പീരുമേട് താലൂക്ക് ആശുപത്രിയിൽ ചൊവ്വാഴ്ച വൈകിട്ട് മരിച്ച ഏലപ്പാറ സ്വദേശി രാജു(70)വിന്റെ മൃതദേഹമാണ് ആംബുലൻസ് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ പിക്കപ് ജീപ്പിൽ അകന്ന ബന്ധുവിന്റെ വീട്ടിൽ എത്തിച്ചത്.
ആശുപത്രിയിൽ നിന്ന് 6 കിലോമീറ്റർ അകലെ പള്ളിക്കുന്ന് പുതുവലിൽ മൃതദേഹം എത്തിക്കാൻ ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ ആശുപത്രി വക ആംബുലൻസ് അപകടത്തിൽ പരുക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കാൻ പോയി എന്ന മറുപടിയാണു നാട്ടുകാർക്കു ലഭിച്ചത്. 300 മീറ്റർ അകലെയുള്ള പീരുമേട് അഗ്നിശമനസേനാ വിഭാഗത്തിന്റെ ആംബുലൻസിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലും മൃതദേഹം കൊണ്ടുപോകാൻ നൽകുന്നതിനു നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു  ഉദ്യോഗസ്ഥരുടെ മറുപടി. സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയിട്ടും ആംബുലൻസ് കിട്ടിയില്ല. തുടർന്ന് നാട്ടുകാർ പിക്കപ് ജീപ്പ് വരുത്തി പള്ളിക്കുന്ന് പുതുവേലിലുള്ള അകന്ന ബന്ധുവിന്റെ വീട്ടിൽ മൃതദേഹം എത്തിക്കുകയായിരുന്നു.  ഒറ്റയ്ക്ക് കഴിയുകയായിരുന്ന രാജുവിനെ അവശനിലയിൽ കണ്ടതിനെ തുടർന്ന് 10 ദിവസം മുൻപ് നാട്ടുകാരാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അടുത്ത ബന്ധുക്കൾ ഇല്ലാത്ത രാജുവിന്റെ മൃതദേഹം നാട്ടുകാർ ഏറ്റെടുത്ത ശേഷം കുട്ടിക്കാനത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today

Artic