സുല്‍ത്താന്‍ ബത്തേരി : ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. ഷെഹ്‌ല മരിച്ചതല്ല കൊന്നതാണ് തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി പ്രതീകാത്മകമായി പാമ്ബിനെയടക്കം കഴുത്തില്‍ തൂക്കി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
'അധ്യാപകരുടെ തോന്നിവാസം നഷ്ടം എന്നും ഞങ്ങള്‍ക്ക്' എന്നും, അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയ്ക്കും, ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതകള്‍ക്ക് വരെ പരിഹാരം ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ തെരുവില്‍ ഇറങ്ങിയത്.
പാമ്ബുകടിയേറ്റതായി ഷെഹ്‌ലയും സഹപാഠികളും അധ്യാപകനെ അറിയിച്ചിട്ടും അടിയന്തിരമായി ചികിത്സ നല്‍കാന്‍ തയ്യാറായിരുന്നില്ല.
രക്ഷിതാവ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ തന്നെ അധ്യാപകരുടെ നടപടിയില്‍ പ്രതിഷേധിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് ജില്ലാ ജഡ്ജിയടക്കം സ്‌കൂളിലെത്തി പരിശോധന നടത്തി. ഹൈക്കോടതിയും വിഷയത്തില്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയാണ് വേണ്ടത്. ഈ ദുരവസ്ഥ ഇവിടം കൊണ്ട് അവസാനിക്കണം. അതിനുള്ള നടപടികള്‍ ഉണ്ടാകും. കേവലം ഒരു പരിശോധനയില്‍ കാര്യം ഒതുക്കാതെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സമഗ്രമായ റിപ്പോര്‍ട്ടും അതില്‍ നടപടിയും ഉണ്ടാകുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു.
വയനാട്ടിലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വയനാട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകളില്‍ അടിയന്തിര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇഴജന്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ അവയെ കൈകാര്യംചെയ്യുന്നതിന് വനംവകുപ്പിന്റെ സേവനം ഉറപ്പുവരുത്താനും വിദ്യാസ വകുപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരെ അറിയിച്ചിട്ടുണ്ട്.