ബസില്‍ കുട്ടിയെ മറന്ന് മാതാവും ബന്ധുക്കളും ഇറങ്ങിപ്പോയി, ബഹളംവെച്ച് കരഞ്ഞ കുട്ടിയെ ബസ് ജീവനക്കാര്‍ കാസർകോട് പിങ്ക് പോലീസിനെ ഏല്‍പ്പിച്ചു


വിദ്യാനഗര്‍: ബസിറങ്ങിയ മാതാവും ബന്ധുക്കളും ഒപ്പമുണ്ടായിരുന്ന ആറുവയസുകാരിയെ ഒപ്പം കൂട്ടാന്‍ മറന്നു. പരിഭ്രാന്തിയിലായ കുട്ടി യാത്രക്കിടെ ബഹളം വെച്ച് കരഞ്ഞതോടെ ബസ് ജീവനക്കാര്‍ കുട്ടിയെ പിങ്ക് പൊലീസിനെ ഏല്‍പ്പിച്ചു. വിദ്യാനഗറിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാനായി ബസില്‍ യാത്ര ചെയ്യുകയായിരുന്നവരാണ് കുട്ടിയെ മറന്നത്. ബസിലെ മറ്റൊരു സീറ്റിലാണ് കുട്ടി ഇരുന്നിരുന്നത്. വിദ്യാനഗര്‍ കോളേജ് സ്റ്റോപ്പിന് മുന്നില്‍ ബസ് നിര്‍ത്തിയപ്പോള്‍ കുട്ടിയെ കൂട്ടാതെ മാതാവും സഹോദരിയും മറ്റ് ബന്ധുക്കളും ഇറങ്ങുകയായിരുന്നു. ബസ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ എത്താറായപ്പോഴാണ് മാതാവിനെയും ബന്ധുക്കളെയും കുട്ടി തിരഞ്ഞത്. അവരെ സീറ്റില്‍ കാണാതിരുന്നതോടെ കുട്ടി കരഞ്ഞ് ബഹളം വെക്കുകയായിരുന്നു. പുതിയ ബസ് സ്റ്റാന്റില്‍ എത്തിയതോടെ ബസ് ജീവനക്കാര്‍ പിങ്ക് പൊലീസിനോട് വിവരം പറഞ്ഞു. പൊലീസ് കുട്ടിയുടെ പേര് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ മറുപടി പറയാതെ കുട്ടി കരച്ചില്‍ തുടര്‍ന്നു. തുടര്‍ന്ന് സ്‌കൂള്‍ബാഗിലെ ഡയറിയില്‍ നിന്ന് കിട്ടിയ ഫോണ്‍നമ്പറിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് പിങ്ക് പൊലീസ് കുട്ടിയുമായി സ്‌കൂളിലെത്തി വിവരം പറഞ്ഞപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. കുറച്ചുനേരത്തിന് ശേഷം മാതാവും സഹോദരിയും മറ്റു ബന്ധുക്കളും സ്‌കൂളിലെത്തി. ബസില്‍ നിന്നിറങ്ങുമ്പോള്‍ കുട്ടി കൂടെയുണ്ടാകുമെന്ന് കരുതിയെന്നും പിന്നീടാണ് കുട്ടിയെ മറന്നെന്ന് മനസിലായതെന്നും ഫോണ്‍ ഇല്ലാതിരുന്നതിനാലാണ് വിളിക്കാന്‍ കഴിയാതിരുന്നതെന്നും മാതാവ് പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today