പൗരത്വ ബില്‍ ആത്മാര്‍ത്ഥമായുള്ളതാണെങ്കില്‍ മതം നോക്കാതെ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുമായിരുന്നു കമല്‍ഹാസന്‍




ചെന്നൈ: പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച്‌ കമല്‍ഹാസന്‍. ശ്രീലങ്കന്‍ തമിഴരേയും മുസ്ലീങ്ങളേയും ബില്ലില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും ഈ ബില്‍ ആത്മാര്‍ത്ഥമായുള്ളതാണെങ്കില്‍, മതം നോക്കാതെ വിവേചനം നേരിടുന്ന എല്ലാ വിഭാഗങ്ങളെയും അതില്‍ ഉള്‍പ്പെടുത്തുമായിരുന്നുവെന്നും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ പറഞ്ഞു.

'വംശഹത്യയ്ക്ക് വിധേയരായ ശ്രീലങ്കന്‍ തമിഴരെയും കടുത്ത വിവേചനം നേരിടുന്ന മുസ്ലീംകളെയും ബില്ലില്‍ നിന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ട്? ഇത് ശരിക്കും ആത്മാര്‍ത്ഥതയുള്ള ബില്ലായിരുന്നുവെങ്കില്‍, വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള അഭ്യാസമല്ലായിരുന്നുവെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഒറ്റപ്പെട്ടുപോയ ശ്രീലങ്കന് തമിഴരെയും മുസ്ലീംങ്ങേളേയും ഇതില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകാത്തത്?' - കമല്‍ ചോദിക്കുന്നു.

തിങ്കളാഴ്ചയാണ് പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. തുടര്‍ന്ന് ഇന്ന് കേന്ദ്രമന്ത്രി അമിത് ഷാ രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും. ബില്ലിന് ലോക്‌സഭയില്‍ അനുകൂലമായി 311 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 80 പേര്‍ മാത്രമാണ് എതിര്‍ത്തത്. പക്ഷേ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ സഹായമില്ലാതെ ബില്‍ പാസാക്കാന്‍ കഴിയില്ല.
Previous Post Next Post
Kasaragod Today
Kasaragod Today