ഇനി കാസർകോട് നഗരം അടിമുടി മാറും



കാസർകോട്‌ 
വികസനപ്രവർത്തനങ്ങളില്ലാതെ മുരടിച്ച കാസർകോട്‌ നഗരത്തിന്റെ മുഖഛായ മാറ്റാൻ സർക്കാർ പദ്ധതി. ഗതാഗതക്കുരുക്കും അവശ്യസൗകര്യങ്ങളുടെ  അഭാവവും വഴിമുട്ടിച്ച നാടിന്റെ പുരോഗതിസാധ്യമാക്കുന്ന പദ്ധതികളാണ്‌ യാഥാർഥ്യമാകുന്നത്‌. പരിഷ്‌കരണപദ്ധതികൾ നടപ്പാക്കാൻ താലൂക്ക്‌ വികസനസമിതി യോഗത്തിലാണ്‌ തീരുമാനം. കാസർകോട് റെയിൽവെ പരിസരത്ത് പൂന്തോട്ടം  നിർമ്മിച്ച് കൂടുതൽ പാർക്കിങ് സൗകര്യം ഒരുക്കുമെന്ന്‌ കലക്ടർ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു.
ഗതാഗതക്കുരുക്കഴിക്കാൻ 
ടി റോഡ് 
തളങ്കര പള്ളി മുതൽ കറന്തക്കാട് വരെയുള്ള റോഡ് വികസിപ്പിക്കുകയും  ട്രാഫിക്ക് കുറക്കാൻ  പ്രസ് ക്ലബ് ജംഗ്ഷൻ മുതൽ റെയിലെ സ്റ്റേഷൻ വരെയും കറന്തക്കാട് വരെയും  പുതിയ ടി റോഡ് പദ്ധതി കൊണ്ടുവരും. 
ഈ പദ്ധതി പ്രകാരം പഴയ ബസ്റ്റാന്റ് പരിസരം മുതൽ റെയിൽവേ, കറന്തക്കാട് ഭാഗങ്ങളിലേക്കുള്ള റോഡും നവീകരിക്കും. ഇതോടെ ഇന്റർലോക്ക് ചെയ്ത റോഡുകളും, ടൈൽ പതിച്ച് കൈവരിയോടുകൂടിയ നടപ്പാതയും നഗരത്തിന്റെ മുഖച്ഛായ മാറ്റും. സ്റ്റോപ്പുകളിൽ  വൈഫൈ സംവിധാനവും നടപ്പിലാക്കും.
പതിനെട്ട് സർക്കാർ ഓഫീസുകൾ പുലിക്കുന്നിൽ പുതിയതായി പണികഴിപ്പിക്കുന്ന ഓഫീസ് കോപ്ലക്സിലേക്ക് മാറും. നിലവിൽ ഒരു മ്യൂസിയം പോലും ഇല്ലാത്ത ജില്ലയിൽ കാസർകോട് താലൂക്ക് ഓഫീസ് പൈതൃക മ്യൂസിയമായി മാറും. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി പന്ത്രണ്ട് കോടി രൂപ ചിലവിൽ കോളിയടുക്കത്ത് വലിയ ഗ്രൗണ്ട് നിർമ്മിച്ച് ജില്ലാ സ്റ്റേഡിയം നിർമ്മിക്കും. 
നായന്മാർ മൂലയിൽ ജില്ലയിലെ ആദ്യത്തെ ടെന്നീസ് കോർട്ട് നിർമ്മിക്കും. 200 എസ്.സി, എസ്.ടി കുട്ടികൾക്ക് താമസിച്ച് പി എസ്  സി കോച്ചിങ് നടത്താനുള്ള സൗകര്യം പരിഗണനയിലാണ്. 2.8 കോടി രൂപ ചിലവിൽ സദ്ഭാവന മന്ദിരം നിർമ്മിക്കും. 25 വയസിന് താഴെയുള്ള മൊബൈൽ ഫോൺ, മയക്കു മരുന്ന് എന്നിവയ്ക്ക്  അടിമയായ കുട്ടികൾക്ക് നേരായ വഴി കാണിക്കാൻ ആവശ്യമായ പദ്ധതി തുടങ്ങി  നിരവധി പദ്ധതികളാണ്‌ വിഭാവനം ചെയ്‌തത്‌.  ഹോട്ടലുകൾ ഭക്ഷണ പദാർഥങ്ങൾക്ക് വ്യത്യസ്ത വില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് നഗരത്തിലെ ഹോട്ടലുകളിൽ റെയ്ഡ് നടത്തും.  
കാസർകോട് വികസന പാക്കേജിൽ സ്പെഷ്യൽ പ്ലാനിൽ ഉൾപ്പെടുത്തി ജനറൽ ആശുപത്രിയുടെ കവാടം മോടി പിടിപ്പിക്കും. പുതിയ സ്റ്റാന്റ്, പഴയ സ്റ്റാന്റ് പരിസരങ്ങളിൽ ഹൈപ്രഷർ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണംനടത്തും.
 യോഗത്തിൽ മധൂർ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് അധ്യക്ഷയായി. ഡെപ്യൂട്ടി കലക്ടർ  അഹമ്മദ് കബീർ, തഹസിൽദാർമാരായ എൽ എസ് അനിത,  എ വി രാജൻ എന്നിവർ സംസാരിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today