ക്ഷേത്ര ത്തിൽ വീണ്ടും മോഷണം ദൃശ്യങ്ങൾ സിസിടിവി യിൽ പതിഞ്ഞു

നീലേശ്വരം ∙ നഗരപ്രാന്തത്തിലെ കൊഴുന്തിൽ നാരാംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ വീണ്ടും മോഷണം. ഇന്നലെ രാവിലെ അഞ്ചരയ്ക്കു ശേഷമാണ് ക്ഷേത്രത്തിനു പുറത്തെ ഭണ്ഡാരം കുത്തിത്തുറന്നു പണം മോഷ്ടിച്ചത്. ലുങ്കിയും ഷർട്ടും ധരിച്ച ഒരാൾ ആയുധവുമായി രാവിലെ 5. 37 നു ക്ഷേത്രത്തിലേക്കു നടന്നു വരുന്നതും പൂട്ടു തകർത്ത് ഭണ്ഡാരത്തിലെ പണമെടുക്കുന്നതും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.


രണ്ടായിരം രൂപയോളമാണ് നഷ്ടപ്പെട്ടതെന്നു ക്ഷേത്രം എക്സിക്യൂട്ടീവ് ട്രസ്റ്റ് ആനിക്കീൽ സോമരാജൻ നീലേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പുലർച്ചെ ക്ഷേത്രത്തിൽ എത്തിയ മേൽശാന്തി പട്ടേനയിലെ കല്ലമ്പള്ളി ഗോവിന്ദൻ നമ്പൂതിരിയാണ് മോഷണം നടന്നതായി മനസിലാക്കിയത്. തുടർന്നു ട്രസ്റ്റിയെ വിവരമറിയിച്ചു. വിവരമറിഞ്ഞു നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.


സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കൈമാറി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തുമെന്നറിയിച്ചതായി സോമരാജൻ പറഞ്ഞു. കഴിഞ്ഞ ജൂലൈ 4 നും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. ഉപദേവനു ചാർത്തിയ ഒന്നേ മുക്കാൽ പവൻ സ്വർണാഭരണമാണ് അന്നു മോഷ്ടിച്ചത്. നീലേശ്വരം പൊലീസ് മോഷ്ടാവിനെ പിടികൂടി ആഭരണം കണ്ടെടുത്തിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today