കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ 12 റോഡുകള്‍ അടച്ചു, വിദേശത്ത് നിന്ന് വരുന്നവരെ പ്രത്യേക വാഹനത്തിൽ തലപ്പാടി യിൽ എത്തിക്കും അഞ്ച് അതിര്‍ത്തി റോഡുകളില്‍ കര്‍ശന പരിശോധന

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന കാസർകോഡ് ജില്ലയിലെ 12 റോഡുകൾ അടച്ചു. കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 5 അതിർത്തി റോഡുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്‌ടർ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു.

മംഗലാപുരം  വിമാനത്താവളം വഴി വിദേശത്തു നിന്നു കേരളത്തിലേക്ക് വരുന്നവരെ കര്‍ണ്ണാടക സര്‍ക്കാരിന്റെ പ്രത്യേക വാഹനത്തില്‍ തലപ്പാടിയില്‍ എത്തിക്കും. ഇവരെ പ്രത്യേക മെഡിക്കല്‍ ടീം പരിശോധിക്കും. 
അതിനുശേഷം രോഗലക്ഷണമുള്ളവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കും. രോഗലക്ഷണം ഇല്ലാത്തവരെ കെ.എസ്.ആര്‍. ടി.സി ബസ്സില്‍ കാസര്‍കോട് എത്തിക്കും. രോഗലക്ഷണം ഇല്ലാത്തവര്‍ തലപ്പാടിയില്‍ നിന്നും സ്വകാര്യവാഹനത്തില്‍ പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തലപ്പാടി കൗണ്ടറില്‍ സൂക്ഷിച്ചിരിക്കുന്ന സാക്ഷ്യപത്രത്തില്‍ ഒപ്പിട്ട് നല്കണം. തുടര്‍ന്ന് അവര്‍ക്ക് സ്വകാര്യ വാഹനത്തില്‍ പോകാം.

മഞ്ചേശ്വരത്തെ തൂമിനാട് റോഡ്‌, കെദംപാടി പദവ് റോഡ്‌, സുങ്കദകട്ടെ മുടിപ്പ് റോഡ്‌, കുറുട പദവ് റോഡ്‌, മുളിഗദ്ദെ റോഡ്, ബെരിപദവ് റോഡ്‌ എന്നിവയും ബദിയഡുക്ക സ്വർഗ അരിയപദവ് റോഡ്, ആദൂരിലെ കൊട്ടിയാടി പള്ളത്തൂർ ഈശ്വര മംഗല റോഡ്, ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്‌, നാട്ടക്കൽ സുള്ള്യപദവ് റോഡ്‌, ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി റോഡുകൾ  പൂർണമായും  അടച്ചു.


തലപ്പാടി ദേശീയ ഹൈവേയും അടുക്കസ്ഥല അഡ്യാനടുക്ക റോഡ്‌, ആദൂർ- കൊട്ടിയാടി – സുള്ള്യ സംസ്ഥാനപാത, മാണിമൂല സുള്ള്യറോഡ്‌, പാണത്തൂർ ചെമ്പേരി മടിക്കേരി റോഡ്‌ എന്നിവ വഴി കടന്നുവരുന്ന യാത്രക്കാരെ കർശനപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമെ കടത്തി വിടു. ഡോക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ആരോഗ്യപ്രവർത്തകർ പോലിസുകാർ എന്നിവരടങ്ങിയ സംഘം 5 അതിർത്തി റോഡുകളിൽ പരിശോധനയ്ക്ക് ഉണ്ടായിരിക്കും.
Previous Post Next Post
Kasaragod Today
Kasaragod Today