ബദിയടുക്ക: ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ നിന്ന് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. പനയാല്‍ നെല്ലിയടുക്കത്തെ ജഗദീശയെ (34)യാണ് ബദിയടുക്ക സി.ഐ.എ അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബദിയടുക്ക നെല്ലിക്കട്ടയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് മുറികളിലായി നാല് ഇതര സംസ്ഥാനതൊഴിലാളികള്‍ താമസിച്ചു വരികയാണ്. കഴിഞ്ഞ ദിവസം രാത്രി ഇവരുടെ മുറിയിലുണ്ടായിരുന്ന നാല് മൊബൈല്‍ ഫോണുകളും ബാഗിലുണ്ടായിരുന്ന 52000 രൂപയും മോഷണം പോകുകയായിരുന്നു. ചൂട് കാരണം മുറി തുറന്നിട്ടാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉറങ്ങാന്‍ കിടന്നത്. സൈഡില്‍ ജനല്‍ പാളി ഇല്ല. ഈ അവസരം മുതലെടുത്ത് മോഷ്ടാവ് അതിലൂടെ അകത്തു കടന്നാണ് പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചത്. വെസ്റ്റ് ബംഗാള്‍ ഇര്‍ഷാബാദ് സ്വദേശി ജോയി ദുല്‍ഖന്‍ ഇന്നലെ ഉച്ചയോടെ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. പൊലീസും രണ്ട് വിരലടയാള വിദഗ്ധരും മോഷണം നടന്ന ക്വാര്‍ട്ടേഴ്‌സ് മുറിപരിശോധിച്ചു. ഇവിടെ പതിഞ്ഞ വിരലടയാളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ ജഗദീശയാണെന്ന് തിരിച്ചറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ നെല്ലിയടുക്കത്തെ വീട്ടില്‍ നിന്നാണ് ജഗദീശയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ മോഷണത്തിനെത്തിയ ബൈക്കും പിടികൂടി. മോഷ്ടിച്ച നാല് മൊബൈല്‍ ഫോണുകളും 10,000 രൂപയും കണ്ടെടുത്തു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൊബൈല്‍ മോഷ്ടിച്ച കേസില്‍ ജഗദീശ പ്രതിയായിരുന്നെങ്കിലും കേസ് പിന്നീട് കോടതിയില്‍ ഒത്തു തീര്‍പ്പാക്കുകയായിരുന്നു. ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന സമാനമായ മറ്റ് മോഷണക്കേസുകളുമായി ജഗദീശക്ക് ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്. ജഗദീശയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തില്‍ ബദിയടുക്ക എസ്.ഐ. അനീഷ്, എ.എസ്.ഐ വാമനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിനേഷ്, ഹരീഷ്, ശ്രീനാഥ് എന്നിവരുമുണ്ടായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ നിന്ന് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു; യുവാവ് അറസ്റ്റില്‍
mynews
0