കാസർകോട് ടൌൺ സ്റ്റേഷനിൽ കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം 20ആയി, 65ഓളം പോലീസുകാർ ക്വാറന്റൈനിൽ പോയി

 കാസർകോട് ∙ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ സിഐ ഉൾപ്പെടെ ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥർക്കു കോവിഡ് പോസിറ്റീവ്. പ്രാഥമിക സമ്പർക്കത്തിലുള്ളവർ ഉൾപ്പെടെ 65 ഓളം പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റീൻ ആയി.  പോസിറ്റീവ് ആയ സിഐ ക്വാർട്ടേഴ്സിലും മറ്റു നാലു പേർ വീടുകളിലും കഴിയുന്നു. ബാക്കിയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കായി സിഐയുടെ ഓഫിസ് മുറി തന്നെ ക്വാറന്റീൻ കേന്ദ്രമായി. ഇവിടെ കയർ കെട്ടി സന്ദർശനം നിരോധിച്ചിട്ടുണ്ട്.


പൊലീസ് സ്റ്റേഷൻ പ്രവർത്തനത്തിനായി മറ്റു സ്റ്റേഷനുകളിലെ പൊലീസുദ്യോഗസ്ഥരെ  ഏർപ്പെടുത്തിയിട്ടുണ്ട്. ആദൂർ സിഐയ്ക്കാണു ചുമതല. പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം 3 ഷിഫ്റ്റുകളിലായി ക്രമീകരിക്കണമെന്ന സർക്കാർ നിർദേശം പാലിക്കാത്തതാണ് കൂട്ടത്തോടെ പൊലീസ് ഉദ്യോഗസ്ഥർ പോസിറ്റീവ് ആയതിനു കാരണമെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ  23 പേരുടെ ആന്റിജൻ പരിശോധനയാണ് നടത്തിയത്. 20 പേരും പോസിറ്റീവ്.


കോവിഡ് പ്രതിരോധത്തിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ പൊലീസിനു വളരെ കുറവാണ്. നഗരത്തിൽ ട്രാഫിക്കിലും പാതയോരങ്ങളിലുമായി ഡ്യൂട്ടി എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പലർക്കും വൈറസ് തടയുന്നതിന്  ഉതകുന്ന നല്ല ഇനം മാസ്കും കയ്യുറയും പോലും ഇല്ല.  കടുത്ത അധ്വാനവും മാനസിക പിരിമുറുക്കവും അനുഭവിക്കുകയാണ് പൊലീസ് സേന. കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗസ്ഥർക്കു പ്രത്യേക സുരക്ഷിതത്വത്തോടെയുള്ള പരിചരണം കിട്ടുന്നില്ലെന്ന പരിഭവം പരക്കെയുണ്ട്.


നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസർകോട് ∙ ജില്ലയിൽ കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ 144 പ്രകാരം കലക്ടർ ഡി.സജിത് ബാബു  9 ന് രാത്രി 12വരെ  നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവൻ ജനങ്ങളും കോവിഡ് നിർവ്യാപന മാനദണ്ഡങ്ങൾ പാലിക്കണം. വിവാഹത്തിൽ പരമാവധി 50 പേർക്കും മരണം–മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം. ഔദ്യോഗിക പരിപാടികൾ, മതപരമായ വിവിധ ചടങ്ങുകൾ, പ്രാർഥനകൾ, രാഷ്ട്രീയ കക്ഷി യോഗങ്ങൾ, സാംസ്‌കാരിക പൊതു യോഗങ്ങൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു.


പൊതു ഇടങ്ങൾ, ബസ് സ്റ്റാൻഡുകൾ, പൊതു ഗതാഗത സംവിധാനം, ഓഫിസുകൾ, തൊഴിൽ ഇടങ്ങൾ, വാണിജ്യ–വ്യാപാര സ്ഥാപനങ്ങൾ, ആശുപത്രികൾ, ഹെൽത്ത് ക്ലബ്ബുകൾ, കായിക പരിശീലന കേന്ദ്രങ്ങൾ, പരീക്ഷാ, റിക്രൂട്ട്‌മെന്റ് സംവിധാനങ്ങൾ തുടങ്ങിയവ കോവിഡ് പ്രോട്ടോക്കോൾ  പാലിക്കേണ്ടതാണ്.  മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസർകോട്, വിദ്യാനഗർ, മേൽപറമ്പ, ബേക്കൽ, ഹൊസ്ദുർഗ്, നീലേശ്വരം, ചന്തേര പൊലീസ് സ്റ്റേഷൻ പരിധികളിലും പരപ്പ, ഒടയഞ്ചാൽ പനത്തടി ടൗണുകളുടെ പരിധിയിലും അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു. 


ആളുകൾ കൂടുന്ന പൊതുസ്ഥലങ്ങൾ, മാർക്കറ്റ്, ബസ് സ്റ്റാൻഡുകൾ, ബസ് സ്റ്റോപ്പ് തുടങ്ങിയ ഇടങ്ങൾ ദിവസത്തിൽ കുറഞ്ഞത് ഒരു തവണ അണു വിമുക്തമാക്കുന്നതിന് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കും ഉത്തരവ് നൽകി.


Previous Post Next Post
Kasaragod Today
Kasaragod Today