ബദിയടുക്ക: ഇരുപത്തിരണ്ടാം വയസില്‍ കമ്ബ്യൂട്ടര്‍ അധ്യാപികയായിരിക്കേ ബദിയടുക്ക പഞ്ചായത്തിലേക്ക് മത്സരിച്ച് പ്രസിഡന്റായതാണ് കെ. മാലതി. 2000-05 കാലത്ത് ഇവിടെ പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ വനിതാ സംവരണമായിരുന്നു. ഭൂരിപക്ഷം കിട്ടിയ യുഡിഎഫ് പാനലിലെ ഏക പട്ടികവര്‍ഗ വനിതയെന്ന നിലയിലാണ് ആദ്യ അവസരത്തില്‍ തന്നെ മാലതി പ്രസിഡന്റായത്.
എന്നാല്‍ രാഷ്ട്രീയത്തിലും അധികാരത്തിലും അനുഭവപരിചയമില്ലാതിരുന്നത് പല പ്രശ്നങ്ങളുമുണ്ടാക്കി. സഹപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പറഞ്ഞതുമാത്രം വിശ്വസിച്ച് പല ഫയലുകളിലും ഒപ്പിട്ടത് പിന്നീട് നിയമപ്രശ്നങ്ങളില്‍ ചെന്നുചാടിച്ചു.
അങ്ങനെ വന്ന സാമ്ബത്തികബാധ്യത തീര്‍ക്കാന്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് പ്രസിഡന്റ് സ്ഥാനം ഒഴിയുമ്ബോഴേക്കും സ്വന്തം സ്ഥലം പോലും വില്‍ക്കേണ്ടിവന്നു.
എല്ലാം കഴിഞ്ഞ് 15 വര്‍ഷങ്ങള്‍ക്കിപ്പുറം ബദിയടുക്ക പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളിയായി പേര് രജിസ്റ്റര്‍ ചെയ്ത കാത്തിരിക്കുകയാണ് മാലതി. ഭര്‍ത്താവ് ശശിധരന് കൂലിപ്പണിയെടുത്ത് കിട്ടുന്നതാണ് കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം.
സ്കൂളില്‍ പഠിക്കുന്ന രണ്ടു പെണ്മക്കളുണ്ട്.
രോഗബാധിതയായ ഇളയ മകളുടെ ചികിത്സയ്ക്കു തന്നെ പ്രതിമാസം അയ്യായിരത്തിലധികം രൂപ ചെലവ് വരുന്നുണ്ട്. ഇടയ്ക്കിടെ മംഗളൂരുവിലെ ആശുപത്രിയില്‍ പോയിവരാന്‍ അമ്ബതിനായിരത്തോളം രൂപ വേറെയും.
പ്രീഡിഗ്രി കഴിഞ്ഞ് അന്നത്തെ കാലത്ത് അല്‍പ്പം കമ്ബ്യൂട്ടര്‍ പഠിച്ചതാണ് മാലതിയുടെ വിദ്യാഭ്യാസ യോഗ്യത. പഞ്ചായത്തിലേക്കൊന്നും മത്സരിക്കാന്‍ നില്‍ക്കാതെ അന്ന് കമ്ബ്യൂട്ടര്‍ പഠനം തുടര്‍ന്നിരുന്നെങ്കില്‍ ചെറിയൊരു ജോലിയെങ്കിലും സ്ഥിരമായി കിട്ടുമായിരുന്നുവെന്ന് ഇപ്പോള്‍ അവര്‍ നഷ്ടബോധത്തോടെ പറയുന്നു.
അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ സംവരണ വാര്‍ഡില്‍ മത്സരിച്ചതല്ലാതെ വലിയ പാര്‍ട്ടി പ്രവര്‍ത്തന പരിചയമൊന്നും മാലതിക്കില്ല. എങ്കിലും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ പ്യൂണിന്റെ ജോലിയെങ്കിലും കിട്ടിയിരുന്നെങ്കില്‍ മകളുടെ ചികിത്സയെങ്കിലും മുടക്കമില്ലാതെ നടക്കുമായിരുന്നുവെന്ന് അവര്‍ പറയുന്നു.
