തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും

 തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കര്‍ണ്ണാടകയില്‍ നിന്ന്‌ ജില്ലയിലേക്കുള്ള 17 അതിര്‍ത്തി ചെക്ക്‌ പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത്‌ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിലവില്‍ ഈ 17 അതിര്‍ത്തിപോയിന്റുകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്‌. അനധികൃതമായി പണം, ആയുധങ്ങള്‍, മദ്യം എന്നിവ കടത്തുന്നത്‌ തടയും. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ അടുത്തുള്ള പൊലീസ്‌ സ്റ്റേഷനില്‍ വിവരം അറിയിക്കണം. തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ വനമേഖലയില്‍ പരിശോധന ശക്തമാക്കും. ആര്‍ ടി ഒ യുടെ നേതൃത്വത്തില്‍ വാഹന പരിശോധന ശക്തമാക്കാനും തീരുമാനിച്ചു.എക്‌സ്‌സൈസ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപകമായി റെയ്‌ഡ്‌ നടത്തും.തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ദക്ഷിണ കന്നഡ, കൂര്‍ഗ്‌ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായി ചര്‍ച്ച നടത്താനും ധാരണയായി. പ്രശ്‌ന ബാധിത ബൂത്തുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ യോഗം വിലയിരുത്തി.


Previous Post Next Post
Kasaragod Today
Kasaragod Today