ദമ്മാം: സൗദിയിൽ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് തിരിച്ച മലയാളി വീട്ടിലെത്തിയ ഉടൻ മരിച്ചു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശി മിദ്ലാജ് ഇബ്രാഹീം ആണ് വീട്ടിലെത്തിയ ഉടനെ മരിച്ചത്. ദമ്മാമിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലാണ് മിദ്ലാജ് നാട്ടിലെത്തിയത്. ഭാര്യ ഷംനയോടൊപ്പം എയർപോർട്ടിൽ നിന്ന് വീട്ടിലെത്തി, കാത്തിരുന്ന മക്കളെ കണ്ടയുടനെ മരണം സംഭവിക്കുകയായിരുന്നു.
നേരത്തെ സൗദിയിൽ പ്രവാസിയായിരുന്ന മിദ്ലാജ് വൃക്കരോഗം മൂലം ജോലി ഉപേക്ഷിച്ചു നാട്ടിൽ പോയിരുന്നു. വാടക വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് തണലാവാൻ രണ്ടു വർഷം മുമ്പ് വീണ്ടും സൗദിയിലേക്ക് വരികയായിരുന്നു. ഹഫർ അൽബാത്വിനിലെ ഒരു ബഖാലയിലാണ് ജോലി ചെയ്തിരുന്നത്. അതിനിടയിൽ വൃക്കരോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് തിരിച്ചത്.
മരണത്തിൽ ഹാഫർ അൽബാത്വിനിലെ പ്രവാസി സാംസ്കാരിക വേദി അനുശോചിച്ചു.