വെല്ലിങ്ടണ്‍: ഒടുവില്‍ 2020 ചരിത്രമായി. ന്യൂസിലാന്‍ഡില്‍ 2021 പിറന്നു. ന്യൂസിലാന്‍ഡിലെ ഓക്ലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്. സമോവ, ക്രിസ്മസ് ഐലന്‍ഡ്, തുടങ്ങിയവയിലും പുതുവല്‍സരാഘോഷങ്ങള്‍ക്ക് തുടക്കമായി ബേക്കര്‍ ഐലന്‍ഡ്, ഹൗലാന്‍ഡ് ഐലന്‍ഡ് തുടങ്ങിയവയാണ് പുതുവര്‍ഷം ആദ്യം എത്തുന്ന മറ്റ് സ്ഥലങ്ങള്‍.
കോവിഡ് 19 നിടയിലും പുതുവര്‍ഷത്തെ ആവേശത്തോടെയാണ് ന്യുസീലന്‍ഡ് വരവേറ്റത്. പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഓക്ക്‌ലാന്‍ഡ് സ്‌കൈ ടവറില്‍ വെടിക്കെട്ടും മറ്റ് ആഘോഷ പരിപാടികളുമുണ്ടായിരുന്നു. ആര്‍പ്പുവിളികളോടെയും വെടിക്കെട്ടോടെയും ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റു. ന്യൂസിലാന്‍ഡിനു ശേഷം ഓസ്‌ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക.
പിന്നീട് ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷ ദിനം കടന്നുപോകുക. ക്രിസ്മസ് ഐലന്‍ഡ് എന്നറിയപ്പെടുന്നകിര്‍ത്തിമാത്തി ദ്വീപിലാണ് പുതുവര്‍ഷം അവസാനം എത്തുക. കേവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പല രാജ്യങ്ങളിലും കര്‍ശന നിയന്ത്രണങ്ങളാണ് പുതുവത്സരാഘോഷത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കേരളത്തില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി പുതുവത്സരാഘോഷത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിക്കുള്ളില്‍ ആഘോഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ആഘോഷങ്ങളില്‍ മാസ്കും സാമൂഹിക അകലവും നിര്‍ബന്ധമാണ്. പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.