ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കുന്ന ആരുടെയും ഒപ്പമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് രാഷ്ട്രീയ ലോക്തന്ത്രിക് പാര്‍ട്ടി (ആര്‍.എല്‍.പി) എന്‍.ഡി.എ വിടാന്‍ തീരുമാനിച്ചു. പാര്‍ട്ടി അധ്യക്ഷനും നഗൗറില്‍ നിന്നുള്ള ലോക്സഭാംഗവുമായ ഹനുമാന്‍ ബനിവാളാണ് ഇക്കാര്യം അറിയിച്ചത്. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലെ ഷാജഹാന്‍പൂര്‍ - ഖേഡ അതിര്‍ത്തിയിലെ കര്‍ഷക റാലിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.
'ലോക്സഭയില്‍ കയറാന്‍ എനിക്ക് സാധിച്ചിരുന്നില്ല. ഞാന്‍ അവിടെയുണ്ടായിരുന്നുവെങ്കില്‍ കാര്‍ഷിക ബില്ലിന്‍റെ പകര്‍പ്പുകള്‍ കീറിക്കളയുമായിരുന്നു' -48കാരനായ ബനിവാള്‍ പറഞ്ഞു. രാജസ്ഥാനില്‍ മൂന്ന് എം.എല്‍.എമാരും ലോക്സഭയില്‍ ഒരു എംപിയുമാണ് പാര്‍ട്ടിക്കുള്ളത്.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പി വിട്ട ബനിവാള്‍ ആര്‍.എല്‍.പി രൂപീകരിച്ചത്. എന്നാല്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ആര്‍.എല്‍.പിയും സഖ്യത്തിലായി. നേരത്തെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദളും എന്‍.ഡി.എ വിട്ടിരുന്നു.