കാസര്‍കോട് മര്‍ദ്ദനമേറ്റയാള്‍ മരിച്ച സംഭവം; മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട്‌

 


കാസര്‍കോട്: കാസര്‍കോട് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ച മധ്യവയസ്കന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദ്ദനമേറ്റതിന്‍്റെ കാര്യമായ പരിക്കുകളൊന്നും ശരീരത്തിലില്ല. ആന്തരിക പരിക്കുകളൊന്നും ഇല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.


ദേളി സ്വദേശിയും 48 കാരനുമായ റഫീക്കാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രി പരിസരത്ത് വെച്ച് ഇന്നലെ  ഉച്ചയോടെയാണ് റഫീക്കിന് മര്‍ദ്ദനമേറ്റത്. ആശുപത്രിയില്‍ വച്ച്‌ സ്ത്രീകളെ ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ആശുപത്രിയില്‍ നിന്ന് ഇയാള്‍ ഇറങ്ങി ഓടുന്നതിന്റെയും ആളുകള്‍ പിടിച്ചു തള്ളുന്നതിന്റെയും മർദിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.


സമീപത്തെ കടകളുടെയും മറ്റും സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇത് ശേഖരിച്ചത്. റഫീക്കിന്‍റെ ബന്ധുവിന്‍റെ പരാതിയില്‍ കണ്ടാലറിയാവുന്ന നാട്ടുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒപ്പം റഫീക്ക് ശല്യം ചെയ്തെന്ന് യുവതിയും പരാതി നല്‍കിയിട്ടുണ്ട്.


മര്‍ദ്ദനമേറ്റ റഫീക്കിനെ ഉച്ചക്ക് 1.45 ഓടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞു.

Previous Post Next Post
Kasaragod Today
Kasaragod Today