കുതിരയെ ലേലം വിളിക്കില്ല മാലിക് ദീനാർ പള്ളി വളപ്പിൽ തന്നെ വളർത്തും

 തളങ്കര മാലിക്‌ദിനാർ ജുമാ മസ്‌ജിദ്‌ ദർഗയിൽ അനുഗ്രഹം തേടിയാണ്‌ ആളുകൾ എത്താറ്‌. ഇപ്പോൾ പള്ളി വളപ്പിലെ കുതിരയാണ്‌ ആകർഷണം. കുട്ടികളുൾപ്പെടെ നിരവധിയാളുകളാണ്‌ കുതിരയെ കാണാനെത്തുന്നത്‌. തീർഥാടകർക്കും കൗതുകമാകുകയാണ്‌  തലയെടുപ്പുള്ള ആൺകുതിര. ദർഗയിൽ ആടും കോഴിയും മുട്ടയും പണവുമാണ്‌  സാധാരണ വിശ്വാസികൾ നേർച്ചയായി നൽകാറ്‌. കഴിഞ്ഞ ഞായറാഴ്‌ച ഒരാൾ വാഹനത്തിൽ കയറ്റി കൊണ്ടുവന്നത്‌ കുതിരയെയാണ്‌. കർണാടക തുംകൂർ സ്വദേശിയായ ഷംസീർ നേർച്ച സ്വീകരിക്കണമെന്ന്‌ പള്ളി ഖത്തീബ്‌ അബ്ദുൾ മജീദ്‌ ബാഖവിയോട്‌ ആവശ്യപ്പെട്ടപ്പോൾ  അദ്ദേഹം ആദ്യം അമ്പരന്നു. അഗ്രഹ സാഫല്യത്തിനാണ്‌ നേർച്ചയെന്നാണ്‌ പറഞ്ഞത്‌. പള്ളി കമ്മിറ്റിയുമായി ആലോചിച്ചപ്പോൾ  വാങ്ങാൻ അനുമതി ലഭിച്ചു. ആദ്യമായാണ്‌ പള്ളിയിൽ  അപൂർവ നേർച്ച. 12 വയസുള്ളതാണ്‌ ആൺകുതിര. തുംകൂറിൽ ചെറുകിട വ്യാപാരിയാണ്‌ ഷംസീർ. 

നേർച്ചയായി കിട്ടാറുള്ളവ വെള്ളിയാഴ്‌ച ലേലം ചെയ്‌ത്‌ വിൽക്കാറാണ്‌ പതിവ്‌. കുതിരയെ പള്ളി വളപ്പിൽ തന്നെ വളർത്താനാണ്‌  ആലോചിക്കുന്നത്‌. വനംവകുപ്പുമായി ബന്ധപ്പെട്ട്‌ തീരുമാനമെടുക്കുമെന്ന്‌  പ്രസിഡന്റ്‌ യഹ്‌യ തളങ്കര പറഞ്ഞു. കുട്ടികളും മുതിർന്നവരും കുതിരക്കൊപ്പം  സെൽഫി എടുക്കുന്നു. പള്ളിയിലെ ജീവനക്കാരാണ്‌ കുതിരയെ പരിപാലിക്കുന്നത്‌.


Previous Post Next Post
Kasaragod Today
Kasaragod Today