കോല്‍ക്കത്ത: സദസില്‍നിന്നും ജയ്ശ്രീ റാം വിളി ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രസംഗം പാതിവഴിയില്‍ ഉപേക്ഷിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മേദിയെ സാക്ഷിയാക്കിയായിരുന്നു മമതയുടെ പ്രതിഷേധം. വിളിച്ചുവരുത്തി അപമാനിക്കരുതെന്നും അവര്‍ പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 124 ാം ജന്മദിനാഘോഷ സമ്മേളനത്തില്‍ മമത പ്രസംഗിക്കുമ്ബോഴാണ് ബിജെപി അനുകൂല മുദ്രാവാക്യവും ജയ്ശ്രീ റാം വിളികളും മുഴങ്ങിയത്. പരിപാടിയില്‍ മമതയ്ക്കൊപ്പം മോദിയും ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും വേദിയിലുണ്ടായിരുന്നു.
മമത പ്രസംഗം തുടങ്ങി ഏതാനും മിനിറ്റുകള്‍ക്ക് ശേഷമാണ് മുദ്രാവാക്യം വിളി ഉയര്‍ന്നത്. ഉടനെ മമത പ്രസംഗം നിര്‍ത്തി. തന്നെ ഇവിടെ വിളിച്ചുവരുത്തിയ ശേഷം അപമാനിക്കരുതെന്ന് മമത പറഞ്ഞു.
ഇതൊരു രാഷ്ട്രീയ പരിപാടിയല്ല. സര്‍ക്കാര്‍ പരിപാടിയിലേക്ക് നിങ്ങള്‍ ആരെയെങ്കിലും ക്ഷണിച്ചുകൊണ്ടുവന്നതിനു ശേഷം അവരെ അപമാനിക്കരുത്- പ്രകോപിതയായ മമത സദസിലുള്ളവരോടായി പറഞ്ഞു. പ്രസംഗം തുടരാതെ അവര്‍ തന്റെ കസേരയിലേക്ക് മടങ്ങിപ്പോയിരുന്നു.