കാനത്തൂർ ∙ ഭാര്യയെ ഒരാൾ ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്നതായി പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് വിജയൻ ക്രൂരകൃത്യം നടത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് വിജയൻ ഭാര്യയുമായി ആദൂർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. ഭാര്യയെ ഒരു ഡ്രൈവർ നിരന്തരം ഫോണിൽ വിളിക്കുന്നുവെന്നായിരുന്നു പരാതി. ഇവർ മടങ്ങി ഒരു മണിക്കൂർ കഴിഞ്ഞ് ആരോപണവിധേയനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും അദ്ദേഹം അതു നിഷേധിച്ചു.ഇന്നലെ രാവിലെ 10ന് വീണ്ടും സ്റ്റേഷനിൽ എത്താൻ നിർദേശിച്ചാണ് അയാളെ വിട്ടത്. വിജയനോടും ആ സമയത്ത് പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. കാത്തിരുന്ന പൊലീസിനെ തേടി നടുക്കുന്ന വാർത്തയാണ് എത്തിയത്. ആരോപണ വിധേയൻ പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടിരുന്നെങ്കിലും വിവരം അറിഞ്ഞ് മടങ്ങി. മദ്യപാന ശീലമുള്ള വിജയന് സംശയ രോഗം ഉണ്ടെന്ന് ഭാര്യ ബേബി ശാലിനി പറഞ്ഞതായി പൊലീസ് പറഞ്ഞു.അതിന്റെ പേരിൽ വഴക്കും പതിവായിരുന്നു. ദിവസങ്ങൾക്കു മുൻപ് ബേബിയുടെ മുടി വിജയൻ മുറിച്ച് കളഞ്ഞിരുന്നു. തലയിൽ തോർത്ത്മുണ്ടും ഷാളും കെട്ടിയാണ് അവർ വീട്ടിൽ നിന്നു പുറത്തിറങ്ങിയിരുന്നത്. ഫോൺ ഉപയോഗിക്കാത്ത ബേബി 3 ആഴ്ച മുൻപാണ് ചെറിയൊരു ഫോൺ വാങ്ങിയത്. ഇതോടെയാണ് ഇരുവരും തമ്മിൽ വഴക്ക് രൂക്ഷമായതെന്ന് നാട്ടുകാർ പറയുന്നു.
കൊലപ്പെടുത്താൻ ഉപയോഗിച്ചത് കള്ളത്തോക്ക്
വടക്കേക്കരയിലെ വിജയൻ ഭാര്യ ബേബിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് വന്യജീവി വേട്ടയ്ക്ക് ഉപയോഗിക്കുന്ന കള്ളത്തോക്ക്. വർഷങ്ങളായി വിജയന്റെ കയ്യിൽ ഈ തോക്ക് ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. കെണിവച്ച് പിടിക്കുന്ന പന്നികളെയും മറ്റും വെടിവയ്ക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്. ഒറ്റക്കുഴൽ നാടൻ തോക്കാണിത്. വിരലടയാള വിദഗ്ദരുടെ പരിശോധനയ്ക്കു ശേഷം തോക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലൈസൻസ് ഉള്ള തോക്കുകൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളിലാണ്. ഇത് കൊടുത്ത് തുടങ്ങുന്നതേയുള്ളൂ.
ജില്ലയുടെ അതിർത്തിഗ്രാമങ്ങളിൽ ഇത്തരം കള്ളത്തോക്കുകൾ വ്യാപകമാണെന്ന് നേരത്തെ തന്നെ പരാതികളുണ്ട്. 2010ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ അഡൂർ ബാലനടുക്കത്ത് സിപിഎം പ്രവർത്തകനായ രവീന്ദ്രറാവുവിനെ വെടിവച്ച് കൊന്നതും കള്ളത്തോക്ക് ഉപയോഗിച്ചായിരുന്നു. സമാന രീതിയിൽ നിരവധി കൊലപാതകങ്ങൾ ജില്ലയിൽ മുൻപ് നടന്നിട്ടുണ്ട്. എന്നിട്ടും കള്ളത്തോക്കുകൾ കണ്ടെത്താനുള്ള അന്വേഷണങ്ങളോ വ്യാപക പരിശോധനകളോ ഉണ്ടായിട്ടില്ല.ആറു വയസുകാരനെ ബേബി ശാലിനിയുടെ സഹോദരൻ കൂട്ടിക്കൊണ്ടുപോയി
കുടുംബ വഴക്കിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ടപ്പോൾ അനാഥമായത് 6 വയസുകാരൻ. കാനത്തൂർ ഗവ.യുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് സി.കെ.അഭിഷേക്. അമ്മയെ അച്ഛൻ വെടിവച്ചു കൊന്നു എന്ന വിവരം അടുത്ത വീട്ടുകാരെ ആദ്യം അറിയിച്ചത് അഭിഷേകായിരുന്നു. എങ്കിലും കാര്യത്തിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് അഭിഷേകിനു ബോധ്യമായിരുന്നില്ല. കൊലപാതകം നടന്ന വീട്ടിൽ ആളുകൾ തടിച്ചുകൂടിയപ്പോഴും അഭിഷേക് അയൽ വീട്ടിലായിരുന്നു.ഈ വർഷമാണ് കുട്ടിയെ സ്കൂളിൽ ചേർത്തതെങ്കിലും കോവിഡ് കാരണം ക്ലാസിൽ പോകാൻ കഴിഞ്ഞിരുന്നില്ല. പഠിക്കാനുള്ള സൗകര്യവും വീട്ടിലെ സാഹചര്യങ്ങളിൽ ഈ 6 വയസുകാരനു ലഭിച്ചില്ല. മരണപ്പെട്ട ബേബി ശാലിനിയുടെ സഹോദരനെത്തി കുട്ടിയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഇനി ഇവരുടെ സംരക്ഷണത്തിലായിരിക്കും കുട്ടി വളരുക.
പരിഭ്രാന്തി പരത്തി കാട്ടിൽ നിന്നുള്ള വെടിയൊച്ച ഉയർന്നത്
ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തെ കാട്ടിലേക്ക് കയറിപ്പോയ വിജയൻ വീണ്ടും വെടിയുതിർത്തത് പരിഭ്രാന്തിക്കിടയാക്കി. ആദ്യ വെടിയൊച്ച മുഴങ്ങി 15 മിനിറ്റിനു ശേഷമാണ് രണ്ടാമത്തെ വെടിയൊച്ച മുഴങ്ങിയത്. ശബ്ദം കേട്ടെങ്കിലും ആരും ആ ഭാഗത്തേക്ക് പോയില്ല. വിജയൻ സ്വയം വെടിയുതിർത്തതാണോ അല്ല ആരെയെങ്കിലും വെടിവെച്ചതാണോ എന്നറിയാതെ അവിടെയെത്തിയവർ ഭയചികിതരായി.പൊലീസ് എത്തിയ ശേഷം മാത്രമാണ് ആളുകൾ തിരച്ചിൽ തുടങ്ങിയത്. സ്വയം വെടിവച്ച് മരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതാകാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. നീളം കൂടിയ നാടൻ തോക്ക് ഉപയോഗിച്ച് സ്വയം വെടിവയ്ക്കാൻ ബുദ്ധിമുട്ടാണ്. ആദ്യം തന്നെ തൂങ്ങിമരിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ അതിനുള്ള കയറോ മറ്റോ കരുതിയേനേ എന്നും പൊലീസ് കരുതുന്നു.