ഉദുമ: തദ്ദേശ തെരഞ്ഞെടുപ്പ് ദിനത്തിൽ പോളിങ് ബൂത്തിനകത്ത് പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയ കെ. കുഞ്ഞിരാമൻ എം.എൽ.എക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉദുമ നിയോജകമണ്ഡലം പ്രസിഡൻറ് അനൂപ് കല്യോട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. എം.എൽ.എ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുകയും കള്ളവോട്ട് ചെയ്യാൻ കൂട്ടുനിൽക്കുകയും ചെയ്തതായി പ്രിസൈഡിങ് ഓഫിസർതന്നെ പരാതിപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻെറ കാലുവെട്ടുമെന്നാണ് സുരക്ഷ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മുന്നിൽ എം.എൽ.എ ഭീഷണിപ്പെടുത്തിയത്. 2018 ഡിസംബറിൽ കല്യോട്ട് ടൗണിൽ നടന്ന പൊതുയോഗത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈവെട്ടുമെന്ന് ഇതേ എം.എൽ.എ പ്രസംഗിച്ചിരുന്ന കാര്യവും പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിനു തൊട്ടുപിന്നാലെയാണ് 2019 ഫെബ്രുവരിയിൽ ഇവിടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലചെയ്യപ്പെട്ടതെന്നും പരാതിയിൽ പറയുന്നു.
പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയ സംഭവം: എം.എൽ.എക്കെതിരെ പോലീസ് ചീഫിന് പരാതി നൽകി
mynews
0