തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐ അന്വേഷണത്തിന് വിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്ന മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളെ കുരുക്കാന്‍ ഇതേ സി ബി ഐയെ ഉപയോഗിക്കുന്നതിലെ വൈരുദ്ധ്യം ചൂണ്ടികാട്ടി ഷാഫി പറമ്ബിലും ശബരിനാഥും രംഗത്തെത്തി.
ലൈഫ് മിഷന്‍ കേസിലെ സി ബി ഐ അന്വേഷണം ഒഴിവാക്കാന്‍ ഖജനാവിലെ പണം ചെലവാക്കി സുപ്രീംകോടതിയെ സമീപിക്കുന്ന പിണറായി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ കുരുക്കാന്‍ ഇതേ സി ബി ഐ യെ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഷാഫി ചൂണ്ടികാട്ടി. വാളയാര്‍ കേസിലടക്കം അമ്മമാരുടെ കണ്ണീര്‍ കണ്ടിട്ട് മനസലിയാത്ത സര്‍ക്കാരിന് ഒരു തട്ടിപ്പുകാരിയുടെ കത്തില്‍ മനസലിയുകയാണ്.
ഇങ്ങനെ ചെയ്യുന്ന പിണറായിക്ക് ഉളുപ്പു ഉണ്ടോ എന്നും ഷാഫി ചോദിച്ചു. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ സരിത എസ് നായരെ സംരക്ഷിക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.